
ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസുകളിൽ പ്രതിയായ സുകേഷ് ചന്ദ്രശേഖർ ജാമ്യം ലഭിക്കാനായി മുൻ സുപ്രീംകോടതി ജസ്റ്റിസ് കുര്യൻ ജോസഫെന്ന വ്യാജേന വിചാരണക്കോടതി ജഡ്ജിയെ വിളിച്ചെന്ന് ഡൽഹി പൊലീസ് സുപ്രീം കോടതിയെ അറിയിച്ചു. തട്ടിപ്പുകൾക്ക് സൗകര്യമൊരുക്കാൻ ഒന്നരക്കോടി രൂപ സുകേഷ് ജയിൽ അധികൃതർക്ക് നൽകിയെന്നും പൊലീസ് വ്യക്തമാക്കി.
എ.ഐ.എ.ഡി.എം.കെ ശശികല വിഭാഗം നേതാവ് ടി.ടി.വി ദിനകരന് ആഗ്രഹിച്ച തിരഞ്ഞെടുപ്പ് ചിഹ്നം ലഭിക്കാൻ 50 കോടിയുടെ ഇടപാട് നടത്തിയെന്ന കേസിലാണ് 2017ൽ സുകേഷ് അറസ്റ്റിലാകുന്നത്. അഴിമതി വിരുദ്ധ കോടതിയിലെ പ്രത്യേക ജഡ്ജി പൂനം ചൗധരിയുടെ ലാൻഡ് ഫോണിലേക്ക് ജസ്റ്റിസ് കൃര്യൻ ജോസഫ് എന്ന വ്യാജേന സംസാരിക്കുകയും സുകേഷിന് ജാമ്യം നൽകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഈ കാലത്ത് ജസ്റ്റിസ് കൃര്യൻ ജോസഫ് സുപ്രീം കോടതി ജഡ്ജിയായിരുന്നു.
ജയിലിലിരുന്ന് മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് സുകേഷ് പല തട്ടിപ്പുകളും നടത്തി. ജുഡീഷ്യൽ കസ്റ്റഡിയിൽ പോലും ഇയാൾ സമൂഹത്തിന് ഭീഷണിയാണ്. പരാതികളെ തുടർന്ന് ഇയാൾ ജയിലിൽ കർശന നിരീക്ഷണത്തിലാണ്. വിശദമായ വാദം കേട്ട സുപ്രീം കോടതി ഹർജി 2023 ജനുവരിയിലേക്ക് മാറ്റി.