isha-foundation

ന്യൂഡൽഹി: കോയമ്പത്തൂർ കേന്ദ്രമാക്കിയുള്ള ഇഷ ഫൗണ്ടേഷനെ വിദ്യാഭ്യാസ സ്ഥാപനമായി പരിഗണിച്ച് നിർമ്മാണ പ്രവർത്തനങ്ങൾക്ക് മുൻകൂർ പാരിസ്ഥിതിക അനുമതി തേടുന്നതിൽ നിന്ന് ഒഴിവാക്കി മദ്രാസ് ഹൈക്കോടതി ഉത്തരവ്. ഫൗണ്ടേഷന്റെ കോയമ്പത്തൂർ കാമ്പസ് നിർമ്മാണത്തിൽ പാരിസ്ഥിതിക മാനദണ്ഡങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് 2021 നവംബർ 19ന് തമിഴ്നാട് സർക്കാർ നൽകിയ കാരണം കാണിക്കൽ നോട്ടീസ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് ടി.രാജ, ജസ്റ്റിസ് ഡി.കൃഷ്ണകുമാർ എന്നിവരടങ്ങിയ ബെഞ്ച് റദ്ദാക്കി. ഫൗണ്ടേഷൻ നൽകിയ ഹർജിയിലാണ് വിധി.

ഇഷ ഫൗണ്ടേഷൻ യോഗാ കേന്ദ്രം നടത്തുകയും വികസന പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ചെയ്യുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനമായി പരിഗണിക്കാമെന്നും

മുൻകൂർ പാരിസ്ഥിതിക അനുമതിക്ക് കേന്ദ്ര സർക്കാർ അനുവദിക്കുന്ന ഇളവിന് അർഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. 2014ലെ പരിസ്ഥിതി സംരക്ഷണ ഭേദഗതി ചട്ടങ്ങൾ 2006ലെ നിയമങ്ങളുടെ വിപുലീകരണമാണെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുൻകാല ഇളവ് ലഭിക്കുമെന്ന് ഭേദഗതി വ്യക്തമാക്കുന്നതായും ഫൗണ്ടേഷൻ വാദിച്ചു. അതിനാൽ സർക്കാർ നടപടി നിയമ വിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.

ഫൗണ്ടേഷൻ നിലപാടിനെ കേന്ദ്ര സർക്കാരും പിന്തുണച്ചു. വിദ്യാഭ്യാസ സ്ഥാപനമാണെന്ന ഫൗണ്ടേഷന്റെ അവകാശവാദം തർക്കത്തിലാണെന്ന് തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ ആർ.ഷൺമുഖ സുന്ദരം വാദിച്ചു. വിദ്യാഭ്യാസ സ്ഥാപനമായി അംഗീകരിച്ചാലും കോയമ്പത്തൂരിലെ ഫൗണ്ടേഷൻ കേന്ദ്രത്തിലെ 1.25 ലക്ഷം ചതുരശ്ര മീറ്ററിൽ 10,000 ചതുരശ്ര മീറ്ററിൽ മാത്രമാണ് വിദ്യാഭ്യാസ കേന്ദ്രം സ്ഥിതിചെയ്യുന്നതെന്നും ചൂണ്ടിക്കാട്ടി. എന്നാൽ ഫൗണ്ടേഷന്റെ 1.25 ലക്ഷം ചതുരശ്ര മീറ്റർ സ്ഥലവും 2014ൽ ഭേദഗതി വരുത്തിയ വിജ്ഞാപനത്തിന്റെ പരിധിയിൽ വരുമെന്ന് കോടതി നിരീക്ഷിച്ചു.

20,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണ്ണമുള്ള വിദ്യാഭ്യാസ, വ്യവസായ സ്ഥാപനങ്ങളെ മുൻകൂർ പാരിസ്ഥിതികാനുമതി ലഭിക്കുന്നതിൽ നിന്നും ഒഴിവാക്കിയ 2014ലെ കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനത്തിന് 2020ൽ കേരള ഹൈക്കോടതി ഇടക്കാല സ്റ്റേ നൽകിയത് തമിഴ്നാട് സർക്കാർ ചൂണ്ടിക്കാട്ടി. എന്നാൽ അത് കേരള സംസ്ഥാനത്തിന്റെ പരിധിയിൽ മാത്രമേ നടപ്പാക്കാൻ കഴിയൂ എന്ന് കോടതി വ്യക്തമാക്കി.