
* സംഘർഷം പരിഹരിക്കണം: യു. എൻ
* ആശങ്കയറിയിച്ച് അമേരിക്ക
ന്യൂഡൽഹി: ഗാൽവനിൽ എന്നപോലെ തവാങിലും നിയന്ത്രണരേഖയിൽ കടന്നുകയറി നിരീക്ഷണ പോസ്റ്റ് സ്ഥാപിക്കാനുള്ള ശ്രമമാണ് ചൈനീസ് പട്ടാളത്തെ അടിച്ചോടിച്ചതിലൂടെ നമ്മുടെ ധീര യോദ്ധാക്കൾ തകർത്തത്. മുതിർന്ന സൈനിക ഓഫീസറെ ഉദ്ധരിച്ച് ന്യൂസ് ഏജൻസിയായ ഐ.എ.എൻ.എസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
തവാങിൽ അതിശൈത്യമാണ്. കനത്ത മഞ്ഞുവീഴ്ചയും തുടങ്ങി. ശൈത്യകാലം തുടങ്ങും മുമ്പ് ഇന്ത്യൻ പോസ്റ്റുകളിൽ ആയുധങ്ങളും ഭക്ഷണ വസ്തുക്കളും കൂടുതലായി ശേഖരിക്കാറുണ്ട്. രഹസ്യമായി പോസ്റ്റ് സ്ഥാപിച്ച് ഇന്ത്യൻ സേനയുടെ നീക്കങ്ങൾ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.
ഗാൽവനിൽ ചൈനീസ് കടന്നു കയറ്റം പട്രോളിംഗിനിടെ അപ്രതീക്ഷിതമായാണ് സൈനികർ കണ്ടതും ഏറ്റുമുട്ടിയതും. ഇത്തവണ അതിർത്തിയിൽ വേണ്ട തയ്യാറെടുപ്പ് മുൻകൂട്ടി നടത്തിയിട്ടുണ്ടെന്നും സൈനിക ഓഫീസർ പറഞ്ഞു. തവാങിൽ അതാണ് കണ്ടത്. മുന്നൂറോളം ചൈനീസ് സൈനികരുണ്ടായിട്ടും ഇന്ത്യ ശക്തമായി നേരിട്ടതോടെ തിരിഞ്ഞോടി.
അതിനിടെ, അതിർത്തിയിലെ സംഘർഷം കുറയ്‌ക്കാൻ ഇരു രാജ്യങ്ങളും അടിയന്തര നടപടിയെടുക്കണമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
തവാങിലെ പിരിമുറുക്കം പെട്ടെന്ന് കുറഞ്ഞതിൽ സന്തോഷമുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു. അമേരിക്ക എല്ലാം നിരീക്ഷിക്കുകയാണ്. നയതന്ത്ര-സൈനിക മാർഗങ്ങളിലൂടെ
അതിർത്തി തർക്കം ചർച്ച ചെയ്യാൻ ഇരു രാജ്യങ്ങളും തയ്യാറാകണം.
പാർലമെന്റിൽ
പ്രതിപക്ഷ വാക്കൗട്ട്
നിയന്ത്രണരേഖ ഏകപക്ഷീയമായി മാറ്റാൻ ചൈനീസ് സൈന്യം ശ്രമിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ചൊവ്വാഴ്ച പാർലമെന്റിൽ പറഞ്ഞിരുന്നു. വിഷയം ഇന്നലെയും പാർലമെന്റിനെ പ്രക്ഷുബ്‌ധമാക്കി. മറ്റ് നടപടികൾ നിറുത്തി സഭ ഈ വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഇരുസഭകളിലും അടിയന്തര പ്രമേയ നോട്ടീസ് നൽകിയിരുന്നു. പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയുടെ നേതൃത്വത്തിൽ പ്രതിപക്ഷ നേതാക്കൾ തന്ത്രങ്ങൾ ചർച്ച ചെയ്‌താണ് സഭയിലെത്തിയത്. ഇരുസഭകളും സമ്മേളിച്ചയുടൻ അവർ ചർച്ച ആവശ്യപ്പെട്ടു. രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവംശ് അത് തള്ളിയതോടെ കോൺഗ്രസ്, രാഷ്ട്രീയ ജനതാദൾ, ആം ആദ്മി പാർട്ടി, എം.ഡി.എം.കെ, സി.പി.എം, സി.പി.ഐ, ജെ.ഡി.യു, ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, തെലുങ്കുദേശം തുടങ്ങി 17 പാർട്ടികൾ ഇറങ്ങിപ്പോയി. ലോക്‌സഭയിൽ സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസും തൃണമൂൽ അടക്കം പ്രതിപക്ഷ കക്ഷികളും വാക്കൗട്ട് നടത്തി. രാജ്യസുരക്ഷയിൽ ആശങ്കയുള്ളതിനാലാണ് ചർച്ച ആവശ്യപ്പെട്ടതെന്നും സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകാത്തത് സഭയ്ക്ക് അപമാനമാണെന്നും അവർ സഭയ്‌ക്കു പുറത്ത് പറഞ്ഞു.