
ന്യൂഡൽഹി: പാർശ്വവത്‌കരിക്കപ്പെട്ടവരടക്കം എല്ലാവിഭാഗങ്ങളെയും ഉൾക്കൊള്ളുന്നതും വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്‌ക്കും വിദ്വേഷത്തിനുമെതിരെ പോരാടുകയും ചെയ്യുന്ന കോൺഗ്രസ് പ്രത്യയശാസ്‌ത്രത്തിന് പിന്തുണയേറുന്നതിൽ എതിരാളികൾ പരിഭ്രാന്തരാണെന്ന് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു. എല്ലാവരെയും ഒപ്പം കൂട്ടാൻ ലക്ഷ്യമിട്ടുള്ള രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര രാജ്യത്ത് പുതിയ ഉണർവേകി.
എ.ഐ.സി.സി ആസ്ഥാനത്ത് കോൺഗ്രസിന്റെ 138-ാം സ്ഥാപക ദിനാഘോഷ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി.എ അദ്ധ്യക്ഷ സോണിയാഗാന്ധി, രാഹുൽ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ തുടങ്ങിയവർ പങ്കെടുത്തു. 1885 ഡിസംബർ 28നാണ് മുംബയിൽ കോൺഗ്രസ് പാർട്ടി സ്ഥാപിക്കപ്പെട്ടത്
സ്വാതന്ത്ര്യത്തിനു ശേഷമുള്ള കോൺഗ്രസ് പാർട്ടിയുടെ 75 വർഷത്തെ യാത്ര ആധുനിക ഇന്ത്യയുടെ കഥയാണെന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. ഈ വർഷങ്ങളിലാണ് രാജ്യം വിജയകരമായ നാഴികക്കല്ലുകൾ പിന്നിട്ടത്.
ജനാധിപത്യത്തിലുള്ള വിശ്വാസവും എല്ലാവരെയും ഒപ്പം കൊണ്ടുപോകുന്ന പ്രത്യയശാസ്ത്രവും ഭരണഘടനയോടുള്ള പ്രതിബദ്ധതയും കാരണമാണ് കോൺഗ്രസിന് അതു സാധിച്ചത്.
ഇന്ന് ഇന്ത്യയുടെ ആത്മാവ് ആക്രമിക്കപ്പെടുകയാണ്. രാജ്യത്തുടനീളം വെറുപ്പിന്റെ കിടങ്ങ് കുഴിക്കുന്നു. വിലക്കയറ്റം, തൊഴിലില്ലായ്മ എന്നിവയാൽ ജനങ്ങൾ പൊറുതിമുട്ടുന്നു. എന്നാൽ സർക്കാരിന് അതിനെക്കുറിച്ചൊന്നും ആശങ്കയില്ലെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് ടീ ഷർട്ട്: വിശദീകരിച്ച് രാഹുൽ
ഭാരത് ജോഡോ യാത്രയിലെ തന്റെ സ്ഥിരം വേഷമായ ടീ ഷർട്ട് ചർച്ചയായതോടെ വിശദീകരണവുമായി രാഹുൽ ഗാന്ധി രംഗത്ത്. തുടർച്ചയായി ധരിക്കാൻ എളുപ്പമുള്ള വസ്ത്രമാണ് ടീ ഷർട്ടെന്നും പോകുന്നിടത്തോളം പോകട്ടെയെന്നും രാഹുൽ പറഞ്ഞു. ഡൽഹിയിലെ അതിശൈത്യത്തെ അവഗണിച്ച് ടീ ഷർട്ട് മാത്രം ധരിച്ചാണ് രാഹുൽ ഇന്നലെ കോൺഗ്രസ് സ്ഥാപക ദിന ചടങ്ങിൽ പങ്കെടുത്തത്. 'ഇന്നും ടീ ഷർട്ടിലാണോ" എന്ന് ഒരു മാദ്ധ്യമ പ്രവർത്തകൻ ചോദിക്കുന്നതും അതിന് രാഹുൽ നൽകുന്ന മറുപടിയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായി.
ഭാരത് ജോഡോ യാത്ര ഡൽഹിയിൽ പ്രവേശിച്ച ദിവസം രാജ്ഘട്ടിലും മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, രാജീവ് ഗാന്ധി തുടങ്ങിയവരുടെ സ്‌മൃതികുടീരങ്ങളിലും അദ്ദേഹം ടീ ഷർട്ട് ധരിച്ച് പ്രാർത്ഥന നടത്തിയത് വാർത്തകളിൽ ഇടം നേടിയിരുന്നു.
രാഹുലിന്റെ സുരക്ഷ: കോൺഗ്രസ് കത്ത് നൽകി
ഭാരത് ജോഡോ യാത്ര നയിക്കുന്ന രാഹുൽ ഗാന്ധിക്ക് മതിയായ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി.
കഴിഞ്ഞ ദിവസം യാത്ര ഡൽഹിയിലെത്തിയപ്പോൾ വലിയ സുരക്ഷാവീഴ്ചയുണ്ടായെന്ന് കോൺഗ്രസ് ആരോപിച്ചു. യാത്രയുടെ രണ്ടാംഘട്ടം സുരക്ഷാ വെല്ലുവിളിയുള്ള പഞ്ചാബ്, കാശ്മീർ സംസ്ഥാനങ്ങളിലൂടെയാണ് പോകുന്നതെന്നും രാഹുലിന്റെ സുരക്ഷ വർദ്ധിപ്പിക്കണമെന്നുമാവശ്യപ്പെട്ടാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകിയത്.
യാത്രയ്ക്ക് ഡൽഹിയിൽ ഒന്നിലേറെ തവണ സുരക്ഷാവെല്ലുവിളിയുണ്ടായി. 24ന് യാത്ര ഡൽഹിയിലെത്തിയപ്പോൾ വലിയ സുരക്ഷാവീഴ്ചയുണ്ടായി. യാത്രയിലുള്ളവരും കോൺഗ്രസ് പ്രവർത്തകരും ചേർന്നാണ് രാഹുലിന് അപ്പോൾ സുരക്ഷയൊരുക്കിയത്. കേന്ദ്ര ആഭ്യന്തര വകുപ്പിന് കീഴിലുള്ള ഡൽഹി പൊലീസ് കാഴ്ചക്കാരെപ്പോലെ നിൽക്കുകയായിരുന്നു. ഇസഡ് പ്ലസ് സുരക്ഷയുള്ള രാഹുൽ നയിക്കുന്ന യാത്രയിൽ അദ്ദേഹവുമായി ആശയവിനിമയം നടത്തിയവരെ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥർ പരിശോധിച്ചെന്നും കത്തിൽ ചൂണ്ടിക്കാട്ടി. ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും രക്തസാക്ഷിത്വങ്ങളെക്കുറിച്ചും കത്തിൽ പരാമർശിക്കുന്നുണ്ട്.