photo

ഇന്ത്യ-പാക് ബന്ധം കാശ്‌മീരി​നെ ചുറ്റി​പ്പറ്റി​യുള്ളതാണെങ്കി​ൽ വരും കാലങ്ങളി​ൽ തവാങി​ന്റെ പേരിൽ ചൈനയുമായി കൊമ്പുകോർക്കേണ്ടി വരുമെന്ന ആശങ്ക പ്രതി​ഫലി​പ്പി​ക്കുന്നതാണ് കഴി​ഞ്ഞ ദി​വസത്തെ സംഭവം. ബുദ്ധമത ഭൂരി​പക്ഷമുള്ള മേഖലയായ തവാങ് ചൈനയ്‌ക്ക് രണ്ടാം ടി​ബറ്റാണ്. ടി​ബറ്റി​ൽ നടപ്പാക്കിയതെല്ലാം തവാങി​ലും ആവർത്തി​ക്കാനുള്ള ഗൂഢലക്ഷ്യം പണ്ടേ അവർക്കുണ്ട്.

ബുദ്ധമതസംസ്‌കാരം പി​ന്തുടരുന്ന തവാങിലെ ജനത ടി​ബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ അനുയായി​കളും ഇന്ത്യയെ പിന്തുണയ്‌ക്കുന്നവരുമാണ്. ഇതാണ് ചൈനയെ പ്രകോപിപ്പിക്കുന്നതും. ഏഷ്യയി​ലെ ഏറ്റവും വലി​യ ബുദ്ധവി​ഹാര കേന്ദ്രമാണ് തവാങ്. അധികമറിയപ്പെടാത്ത പഴക്കംചെന്ന ആനി ഗുംപയെന്ന ബുദ്ധ സന്ന്യാസിനിമാരുടെ വിഹാരവും അവിടെയുണ്ട്. പുരാതന ബുദ്ധമത പാരമ്പര്യം ഉൾക്കൊണ്ട്, ടിബറ്റിലെ അതേമാതൃകയിലുള്ള വീടുകൾ തവാങിലെ ബുദ്ധഗ്രാമങ്ങളിലും കാണാം.

ഭൂമിശാസ്‌ത്രപരമായി

ഇന്ത്യയ്‌ക്ക് വെല്ലുവിളി

16,000ത്തോളം അടി മുകളിൽ ഒറ്റപ്പെട്ടു കിടക്കുന്ന, സ്ഥലമാണ് തവാങ്. തവാങ് നഗരത്തിലും ഏതാണ്ട് പത്തുകിലോമീറ്റർ ചുറ്റളവിലും മാത്രമാണ് ജനവാസം. സംഘർഷമുണ്ടായ യാങ്‌ത്‌സെയിലെത്താൻ പ്രധാന നഗരത്തിൽ നിന്ന് വളരെദൂരം മുകളിലേക്ക് കയറണം. തവാങിലേക്കുള്ള യാത്രപോലും ദുഷ്‌കരമാണ്. മുകളിലേക്ക് അതിലും ക്ളേശകരം. മിക്കപ്പോഴും കാലാവസ്ഥ മോശമായിരിക്കും. തവാങിലെത്തി കാലാവസ്ഥയുമായി പൊരുത്തപ്പെട്ടശേഷമേ മുകളിലേക്ക് പോകാനാകൂ.

അസമിലെ തേസ്‌പൂരിൽ നിന്ന് ടെൻഗാവാലി, ബോംഡില വഴി സേലാടോപ്പ് എന്ന സ്ഥലത്തെത്തണം. ലോകത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പൊതുഗതാഗതമുള്ള റോഡ് ഇതുവഴിയാണ് കടന്നുപോകുന്നത്. കാലാവസ്ഥയുമായി പൊരുത്തപ്പെടാൻ മൂന്നിലധികം ദിവസം സേലാടോപ്പിൽ തങ്ങിയ ശേഷം ജസ്‌വന്ത് ഗഡ്, ജംഗ്, ക്രിമു തുടങ്ങിയ സ്ഥലങ്ങൾ കടന്നു വേണം തവാങ് ടൗണിലെത്താൻ. ഇവിടെനിന്ന് വീണ്ടും യാത്ര ചെയ്‌തെത്തുന്ന മറാഠാ ഗ്രൗണ്ടിലാണ് കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള രണ്ടാമത്തെ ക്യാമ്പ്. ഇവിടെ ക്യാമ്പ് ചെയ്‌ത ശേഷമേ സൈന്യത്തെപ്പോലും അതിർത്തി പോസ്റ്റുകളിൽ വിന്യസിക്കാറുള്ളൂ.

ലോംഗ് റേഞ്ച്

പട്രോൾ മേഖല

അരുണാചൽ അതിർത്തിയിലെ തവാങ് അടക്കം മുൻനിര പോസ്റ്റുകളിൽ അസാം റൈഫിൾസ് ജവാൻമാരാണ് കാവൽ. മറ്റ് വിഭാഗങ്ങളും പിന്തുണ നൽകുന്നു. ഒരു ബ്രിഗേഡിന്റെ മൂന്ന് യൂണിറ്റുകളെയാണ് തവാങിൽ വിന്യസിച്ചിരിക്കുന്നത്. യാങ്‌ത്‌സെയിലുണ്ടായിരുന്ന അസാം റൈഫിൾസിന്റെ പോസ്റ്റ് ചൈന കൈയേറിയെന്ന് സൂചനകളുണ്ട്. താഴോട്ടിറങ്ങിയാണ് ഇക്കഴിഞ്ഞ ദിവസം പ്രകോപനം നടത്തിയതെന്നും അറിയുന്നു. ഇതൊന്നും രണ്ടു രാജ്യങ്ങളും സ്ഥിരീകരിച്ചിട്ടില്ല.

കിലോമീറ്ററുകളോളം നിരന്നുകിടക്കുന്ന മലനിരകളിൽ സ്ഥിരമായി സൈന്യത്തെ വിന്യസിക്കരുതെന്ന് ഇന്ത്യയും ചൈനയും തമ്മിൽ മുൻപേ ധാരണയുണ്ട്. ആയുധമില്ലാതെ പട്രോളിംഗ് നടത്തി പരസ്‌പരം ആശയവിനിമയം നടത്തുക മാത്രമാണ് ചെയ്യാറ്. ശൈത്യകാലത്ത് പട്രോളിംഗും കുറവായിരിക്കും. ഇതു മുതലെടുത്താണ് ചൈനീസ് സൈന്യം കടന്നുകയറാൻ ശ്രമിച്ചത്.

സുദീർഘമായ അതിർത്തിയിലെ സ്ഥിരം പോസ്റ്റുകളില്ലാത്ത സ്ഥലങ്ങളിൽ ആഴ്‌ചയിലൊരിക്കലോ, മാസത്തിലൊരിക്കലോ ലോംഗ് റേഞ്ച് പട്രോൾ (30ഒാളം വരുന്ന സംഘം നടത്തുന്ന ദിവസങ്ങൾ നീണ്ട പട്രോളിംഗ്) നടത്തുന്നതാണ് രീതി. പാക് അതിർത്തിയിലെ കാർഗിൽ കുന്നുകളിലും ഇതായിരുന്നു പതിവ് (ഇതുമുതലെടുത്താണ് പാക് സൈന്യം കടന്നു കയറിയത്).

എന്നാൽ മരേല, ടാഗ്‌ള തുടങ്ങിയ സ്ഥലങ്ങളിൽ ചൈന അധിനിവേശം വ്യാപിപ്പിച്ചെന്ന് സൂചനയുണ്ട്. അതിന് താഴെ ചൂടുവെള്ളം വരുന്ന അരുവിയുള്ള ഹോട്ട്സ്‌പ്രിംഗ് ഭാഗത്തിനു വേണ്ടിയാണ് ഇക്കഴിഞ്ഞ ദിവസം ഏറ്റുമുട്ടൽ നടന്നതെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്.

ചൈന ഒരിക്കൽ പിടിച്ചെടുത്ത സ്ഥലം പിന്നീട് തിരികെ നൽകിയ ചരിത്രമില്ല. പാംഗോംഗ് തടാകക്കരയിൽ ഫിംഗർ സെവൻ വരെ പട്രോളിംഗ് നടത്തിയിരുന്ന ഇന്ത്യൻ സേനയ്‌ക്ക് ഇപ്പോൾ ഫിംഗർ നാലിനപ്പുറം പോകാൻ കഴിയുന്നില്ല. ഇങ്ങനെ പതുക്കെ പതുക്കെ അതിർത്തി കൈയടക്കുന്ന രീതിയാണ് ചൈനയുടേത്.

തവാങ് തങ്ങളുടെ ഭാഗമാണെന്നാണ് ചൈനയുടെ അവകാശവാദം. അതിന്റെ ഭാഗമായി അരുണാചൽപ്രദേശുകാർക്ക് പാസ്‌പോർട്ടില്ലാതെ ചൈന പ്രവേശനം അനുവദിക്കുന്നു. അവരുടെ മാപ്പുകളിൽ തവാങ് ചൈനയുടെ ഭാഗമാണ്. ഈ മേഖലയിൽ അന്താരാഷ്‌ട്ര പ്രതിനിധികൾ വരുന്നത് അവർ എതിർക്കാറുണ്ട്. അരുണാചൽപ്രദേശിനെ മൊത്തമായും ചിലപ്പോഴൊക്കെ അവരുടെ ഭാഗമാക്കി അടയാളപ്പെടുത്താറുണ്ട്.

തവാങിലെ തർക്കം സ്വാതന്ത്ര്യലബ്‌ധി മുതൽ തുടങ്ങിയതാണ്. ബുദ്ധമതക്കാരുടെ തവാങിൽ ചൈനീസ് സംസ്‌കാരം വളർത്താനുള്ള ശ്രമങ്ങളിലാണവർ. 1995ൽ തവാങ് സെക്‌ടറിൽ ജോലി ചെയ്‌ത സമയത്ത് നടത്തിയ ലോംഗ് റേഞ്ച് പട്രോളിംഗിംനിടെ ഇക്കാര്യങ്ങൾ ഈ ലേഖകൻ നേരിട്ട് കണ്ടതാണ്.

കണക്‌ടിവിറ്റി

പ്രശ്‌നങ്ങൾ

യാംഗ്സ്‌തെയിൽ ഇന്ത്യൻ സേനയ്‌ക്കുള്ള റേഷൻ ഹെലികോപ്ടറുകളിൽ നിന്നും പാരച്യൂട്ട് വഴിയാണ് എത്തിക്കുന്നത്. ഇങ്ങനെയിടുന്ന സാധനങ്ങൾ ചിലപ്പോൾ അതിർത്തിക്കപ്പുറത്തേക്കാകും വീഴുന്നത്.

പരിശീലനപ്പറക്കലിനിടെ സേനാ വിമാനങ്ങളും ഹെലികോപ്‌ടറുകളും പതിവായി അപകടത്തിനിരയാകുന്ന മേഖലയാണിത്.

എന്നാൽ ചൈനീസ് പോസ്റ്റുകൾക്ക് നല്ല റോഡ് കണക്‌ടിവിറ്റിയുണ്ട്. ഇന്ത്യയിലേതുപോലെ ദുഷ്‌കര യാത്രയുമല്ല. ചൈനയുമായുള്ള യുദ്ധത്തിന് ശേഷം ഇന്ത്യയും അതിർത്തിയിൽ ഏറെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. തേസ്‌പൂരിൽ നിന്ന് തവാങിലേക്കുള്ള റോഡ് നിർമ്മാണം പുരോഗമിക്കുന്നു. എന്നാൽ തവാങിൽ നിന്ന് മുകളിലേക്ക് റോഡ് നിർമ്മിക്കാൻ ചൈന സമ്മതിക്കില്ല.

ഇന്ത്യയെ സംബന്ധിച്ചിടത്തോം രണ്ടാംനിര പ്രതിരോധം വളരെ ശക്തമാണ്. 2005 മുതൽ ഈ മേഖലയിൽ ഭൂമിക്കടിയിലൂടെയുള്ള ടണലുകൾ അടക്കം നിർമ്മാണ പ്രവർത്തനങ്ങളും പിക്കറ്റ് പോസ്റ്റുകളും തയ്യാറാക്കി വരുന്നു. എങ്കിലും തവാങ് അതിർത്തിയിലെ സൈനികനീക്കം ഇന്ത്യയ്‌ക്ക് ഭൂമിശാസ്‌ത്രപരമായി വെല്ലുവിളി തന്നെയാണ്.

വിദേശനയത്തിലെ

പിഴവുകൾ

ഇന്ത്യയുടെ നിലവിലെ വിദേശനയവും ചൈനയുമായുള്ള തർക്കം രൂക്ഷമാകാൻ കാരണമായിട്ടുണ്ട്. ഇന്ത്യയുടെ സന്തത സഹചാരിയായിരുന്ന റഷ്യയേക്കാൾ പ്രധാന്യം യു.എസിനാണ് നൽകുന്നത്. ഇന്ത്യ ഇടക്കാലത്ത് ഒന്ന് അകന്നസമയത്ത് രണ്ട് കമ്മ്യൂണിസ്റ്റുകൾ ഒന്നിക്കില്ലെന്ന ധാരണ തിരുത്തി റഷ്യയും ചൈനയും അടുത്തു. നിരവധി കരാറുകളുണ്ടാക്കുകയും ചെയ്‌തു.

അയൽക്കാരുമായുള്ള പ്രശ്‌നം നമ്മൾ പറഞ്ഞു തീർക്കുന്നതാണ് പതിവെങ്കിലും തവാങ് വിഷയത്തിൽ യു.എസ് അഭിപ്രായം പറഞ്ഞപ്പോൾ ഇന്ത്യ പ്രതികരിച്ചില്ല. ഇന്ത്യയുടെ പേരിൽ ചൈനയെ ലക്ഷ്യമിടുകയാണ് അമേരിക്ക.

നയതന്ത്രപരമായ ധാരണകൾ നടപ്പിലാക്കാൻ ചൈന ശ്രമിക്കാറില്ല. ഇന്ത്യ പ്രതിരോധത്തിലൂന്നിയുള്ള അതിർത്തി സംരക്ഷണം നടത്തുമ്പോൾ കടന്നുകയറ്റമാണ് അവരുടെ രീതി. ഇന്ത്യയ്‌ക്ക് ഏതാനും സ്ഥലങ്ങൾ നഷ്‌ടമായതും അങ്ങനെയാണ്. ആവശ്യമായ നിർമ്മാണപ്രവർത്തനങ്ങൾ നടത്തി അവകാശപ്പെട്ടത് സംരക്ഷിക്കാനും നഷ്‌ടപ്പെട്ട സ്ഥലങ്ങൾ വീണ്ടെടുക്കാനുമാണ് ഇന്ത്യ യഥാർത്ഥത്തിൽ ശ്രമിക്കേണ്ടത്. പ്രതിരോധമേഖലയെ അങ്ങനെ ജാഗ്രതയോടെ നിലനിറുത്തണം.

ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സംയുക്ത സൈനികാഭ്യാസം, ക്വാഡ് കൂട്ടായ്‌മ, ജി 20 ഉച്ചകോടി തുടങ്ങിയ വിഷയങ്ങളേക്കാൾ തവാങിലെ ചൈനീസ് പ്രകോപനത്തിന് കാരണം അവിടുത്തെ ബുദ്ധമതക്കാരുടെ ഇന്ത്യൻ സ്‌നേഹമാണ്. ആ സംസ്‌കാരത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്.

ചൈനയുമായുള്ള അതിർത്തി പ്രശ്‌നത്തിൽ ശാശ്വത പ്രശ്‌നപരിഹാരം വിദൂരമാണ്. ഇരുരാജ്യങ്ങളും നേരിട്ട് ചർച്ച നടത്തിയും നയതന്ത്ര ബന്ധത്തിലൂടെയും അതിർത്തി പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ തവാങ് പുതിയ പോർമുഖമായി മാറുമെന്നാണ് പുതിയ സംഭവങ്ങൾ തെളിയിക്കുന്നത്.

(ലേഖകൻ 2005-2007 കാലത്ത് തവാങ് മേലയിൽ ഇൻഫൻട്രി വിഭാഗത്തിൽ ഒാഫീസറായി പ്രവർത്തിച്ചിരുന്നു.)