
ന്യൂഡൽഹി:സ്പോർട്സ്മാൻ സ്പിരിറ്റിന് എതിരായി പ്രവർത്തിക്കുന്നവരെ ചുവപ്പ് കാർഡ് കാട്ടേണ്ടി വരുമെന്നും വടക്ക് കിഴക്കൻ മേഖലയുടെ വികസനത്തിന് തടസം നിന്നവരെ നിരവധി തവണ ചുവപ്പ് കാർഡ് കാട്ടിയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ലോകകപ്പ് ഫുട്ബോൾ ഫൈനൽ ദിനമായ ഇന്നലെ മേഘാലയയിലെ ഷില്ലോംഗിൽ നോർത്ത് ഈസ്റ്റ് കൗൺസിലിന്റെ ഗോൾഡൺ ജൂബിലി ഉദ്ഘാടനം ചെയ്യവേയാണ് ഫുട്ബോൾ പദങ്ങളുപയോഗിച്ച് പ്രധാനമന്ത്രിയുടെ പ്രസംഗം.
നാമെല്ലാം ഫുട്ബോൾ ജ്വരത്തിലാണ്. അപ്പോൾ ഫുട്ബോൾ പദങ്ങളുപയോഗിച്ചു എന്ത്കൊണ്ട് സംസാരിച്ചു കൂടാ. അഴിമതിയും വിവേചനവും അക്രമവും വികസനം സ്തംഭിപ്പിക്കലും വോട്ട് ബാങ്ക് രാഷ്ട്രീയവും ഇല്ലാതാക്കാൻ ഞങ്ങൾ പല ശ്രമങ്ങളും നടത്തുകയാണ്. ഇത് വലിയ രോഗമാണ്. അതിനെ വേരോടെ പിഴുതെറിയണം. അടിസ്ഥാന സൗകര്യ വികസനത്തിന് ഇക്കൊല്ലം ഏഴ് ലക്ഷം കോടിയാണ് ചെലവാക്കുന്നത്. എട്ട് വർഷം മുമ്പ് ഇത് രണ്ട് ലക്ഷം കോടി മാത്രമായിരുന്നു. വടക്ക് കിഴക്കൻ മേഖലയുടെ ടെലികോം കണക്ടിവിറ്റിക്ക് 360 ഫോർ ജി മൊബൈൽ ടവറുകൾ സ്ഥാപിച്ചു. 890 ടവറുകൾ നിർമ്മാണത്തിലാണ്. മേഖലയിലെ എട്ട് സംസ്ഥാനങ്ങൾ അഷ്ട ലക്ഷ്മിയാണ്. അവയുടെ വികസനത്തിന് എട്ട് തൂണുകളുണ്ട് - സമാധാനം, വൈദ്യുതി, ടൂറിസം, 5 ജി കണക്ടിവിറ്റി, സംസ്ക്കാരം, പ്രകൃതി, കൃഷി, കായികം. അവ കേന്ദ്രീകരിച്ച് പ്രവർത്തിക്കണം. എട്ട് വർഷത്തിനിടെ മേഖലയിലെ വിമാനത്താവളങ്ങൾ ഒമ്പതിൽ നിന്ന് 16 ആയി. ഇന്ത്യയിലെ ജി 20 സമ്മേളനത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള ആളുകൾ വടക്ക് കിഴക്കൻ മേഖലയിലേക്ക് വരും.
ഐ.ഐ.എം ഷില്ലോംഗിന്റെ പുതിയ കാമ്പസും മേഘാലയ, മണിപ്പൂർ, അരുണാചൽ പ്രദേശ് സംസ്ഥാനങ്ങളിലെ നാല് റോഡ് പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവ്വഹിച്ചു. അസാം, മേഘാലയ, മണിപ്പൂർ, മിസോറാം, ത്രിപുര സംസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ആറ് റോഡ് പദ്ധതികൾക്കും തറക്കല്ലിട്ടു.
ലോകകപ്പ് ആഘോഷം ഇന്ത്യയിലും വിദൂരമല്ല
ലോകകപ്പ് ഫുട്ബോൾ ഉത്സവം ഇന്ത്യയിലും ആഘോഷിക്കുകയും നമ്മുടെ ദേശീയ പതാക പാറിപ്പറക്കുകയും ചെയ്യുന്ന ദിനം വിദൂരമല്ല. രാജ്യത്തെ യുവാക്കളിൽ എനിക്ക് വിശ്വാസമുണ്ട്. ഖത്തറിലെ കളിയും വിദേശ ടീമുകളെയും കാണുമ്പോൾ ആത്മവിശ്വാസത്തോടെ ഇക്കാര്യം പറയാനാകും. ലോകകപ്പ് ഫൈനൽ ദിവസം ഒരു ഫുട്ബോൾ മൈതാനത്ത് ഞാൻ ഫുട്ബോൾ ആരാധകരെ അഭിസംബോധന ചെയ്യുകയാണ്. ലോകത്ത് ഒരു വശത്ത് ഏറ്റവും വലിയ ഫുട്ബാൾ ടൂർണമെന്റ് നടക്കുമ്പോൾ ഇവിടെ ഒരു ഫുട്ബോൾ മൈതാനിയിൽ നിന്ന് നമ്മൾ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുകയാണ് - പ്രധാനമന്ത്രി പറഞ്ഞു.