pic

ന്യൂഡൽഹി:ഇരട്ടി വില കൊടുത്ത് ഇന്ത്യൻ ഉത്പന്നങ്ങൾ വാങ്ങേണ്ടി വന്നാലും ചൈനീസ് ഉത്പന്നങ്ങൾ വാങ്ങരുതെന്ന് ആം ആദ്മി പാർട്ടി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. ചൈനീസ് ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണം. ചൈനയ്ക്ക് മുന്നിൽ തലകുനിക്കരുതെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. തവാങ് സെക്ടറിലെ പ്രശ്നത്തിന്റെ സാഹചര്യത്തിലാണ് കേജ്‌രിവാളിന്റെ പരാമർശം.

ആം ആദ്മി പാർട്ടിയുടെ 11-ാം ദേശീയ കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

2021-22ൽ 95 ബില്യൺ ഡോളറിന്റെ ഉത്പന്നങ്ങളാണ് രാജ്യം ഇറക്കുമതി ചെയ്തത്. ഇറക്കുമതി നിർത്തുമ്പോൾ ചൈന പാഠം പഠിക്കും. ഉത്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ജനങ്ങളും തയ്യാറാകണം. അതിർത്തിയിൽ ചൈനയുണ്ടാക്കുന്ന പ്രശ്നങ്ങൾ തുടരുമ്പോഴും എല്ലാം സുരക്ഷിതമാണ് എന്ന തോന്നൽ ഉണ്ടാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. ചൈനയിൽ നിന്നുള്ള ഇറക്കുമതി കുറച്ച് ചൈനയ്ക്ക് കർശനമായ മറുപടി നല്കാൻ കേന്ദ്രം തയാറാകണം. അവർ നമ്മുടെ പ്രദേശങ്ങൾ കൈവശപ്പെടുത്തുകയാണെന്ന് സാമൂഹമാദ്ധ്യമങ്ങളിലൂടെ മനസിലാക്കുന്നു. പക്ഷേ കേന്ദ്ര സർക്കാർ ചൈനയ്ക്ക് പ്രതിഫലം നല്കുകയാണ്. ചൈനയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിപ്പിക്കുന്നു. എന്നാൽ നിക്ഷേപകർക്ക് അവസരം കൊടുത്താൽ ചൈനക്കാർക്ക് ഇവിടെ നിന്ന് സാധനങ്ങൾ കയറ്റുമതി ചെയ്യാൻ കഴിയും. എന്നാൽ അനുകൂലമായ വ്യവസായ അന്തരീക്ഷം നല്കാത്തതിനാൽ കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് ഉയർന്ന ആസ്തിയുള്ള 12.5 ലക്ഷം പേർ രാജ്യം വിട്ടതായും അദ്ദേഹം ആരോപിച്ചു.