p

ന്യൂഡൽഹി:ശബരിമല ദർശനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട പൊലീസ് ചാർജ് ചെയ്ത കേസിൽ രഹ്ന ഫാത്തിമയ്ക്ക് ജാമ്യ വ്യവസ്ഥയിൽ ഇളവ് നൽകരുതെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു

. ശബരിമല യുവതി പ്രവേശന വിധി വന്ന ശേഷം താൻ ശബരിമലയ്ക്ക് പോവുകയാണെന്ന അടിക്കുറിപ്പോടെ കറുത്ത വസ്ത്രം ധരിച്ച ചിത്രം രഹ്ന ഫാത്തിമ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെ പത്തനംതിട്ട പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. മതവികാരം വ്രണപ്പെടുത്തരുതെന്ന കോടതി നിർദേശം പല തവണ ലംഘിച്ചതായി സത്യവാങ്ങ്മൂലത്തിൽ പറയുന്നു. കേസിൽ ഹൈക്കോടതി ജാമ്യം നൽകിയപ്പോൾ നിശ്ചയിച്ച ജാമ്യ വ്യവസ്ഥകളാണ് പല തവണയായി രഹ്ന ഫാത്തിമ ലംഘിച്ചത്. അന്വേഷണ ഉദ്യോഗസ്ഥൻ വിളിപ്പിക്കുമ്പോൾ ഹാജരാകണം, കേസുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് ഇലക്ട്രോണിക് മാദ്ധ്യമങ്ങൾ മുഖേന അഭിപ്രായ പ്രകടനം നടത്തരുത് തുടങ്ങി അഞ്ച് നിബന്ധനകളോടെയായിരുന്നു ജാമ്യം . ഇതിന് പുറമെ ,നിലവിലുള്ള കേസിന്റെ അന്വേഷണം നടന്നു കൊണ്ടിരിക്കെ സമാനമായ സംഭവങ്ങളിൽ രണ്ട് പരാതികളുണ്ടായതായും അന്വേഷണത്തെ തുടർന്ന് കേസെടുത്തതും സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കുന്നു. രണ്ട് കേസുകളുടെ അന്വേഷണം പൂർത്തിയായി വിചാരണ നടപടികളിലേക്ക് കടക്കുകയാണ്. എന്നാൽ പത്തനംതിട്ടയിൽ ചാർജ് ചെയ്ത കേസിന്റെ അന്വേഷണം പുരോഗമിക്കുന്നു. ഫേസ്ബുക്കിൽ നിന്നുൾപ്പെടെ തെളിവുകൾ ശേഖരിക്കാനുണ്ട്. ഈ സാഹചര്യത്തിൽ ജാമ്യ നിബന്ധനകളിൽ ഇളവ് തേടി രഹ്ന ഫാത്തിമ നൽകിയ ഹർജി തള്ളണമെന്നും സ്റ്റാന്റിംഗ് കൗൺസൽ ഹർഷദ് വി ഹമീദ് നൽകിയ സത്യവാങ്ങ്മൂലത്തിൽ

പറയുന്നു.