
ന്യൂഡൽഹി:വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായും ജാതിയും മതവും വിട്ടും പ്രണയിച്ചതിനും വിവാഹം കഴിച്ചതിനും രാജ്യത്ത് കൊല്ലപ്പെടുന്നത് നൂറുകണക്കിന് പേരാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്.
നിയമവും സദാചാരവും എന്ന വിഷയത്തിൽ മുംബയിൽ അശോക് ദേശായി സ്‌മാരക പ്രഭാഷണം നടത്തുകയായിരുന്നു ചീഫ് ജസ്റ്റിസ്.
1991 ൽ 15 വയസുള്ള പെൺകുട്ടിയെ മാതാപിതാക്കൾ ദുരഭിമാന കൊലയ്ക്ക് ഇരയാക്കിയപ്പോൾ ഗ്രാമവാസികൾ ആ കുറ്റകൃത്യം അംഗീകരിക്കുകയായിരുന്നു. അവരുടെ സമൂഹത്തിന്റെ പെരുമാറ്റച്ചട്ടമനുസരിച്ച് അത് ന്യായമായിരുന്നു. പാർശ്വവൽക്കരിക്കപ്പെട്ട ദുർബല വിഭാഗങ്ങളിലെ അംഗങ്ങൾ പ്രബല ഗ്രൂപ്പുകൾക്ക് കീഴടങ്ങാൻ നിർബ്ബന്ധിതരാണ്. പാർലമെന്ററി ജനാധിപത്യത്തിൽ ഭൂരിപക്ഷ വോട്ടിലൂടെയാണ് നിയമങ്ങൾ പാസാക്കുന്നത്. ഹൈക്കോടതിയിലോ സുപ്രീം കോടതിയിലോ വരുന്ന എല്ലാ കേസുകളും കോടതികൾക്ക് പ്രധാനമാണ്. ജഡ്ജിമാർ കേസുകൾ വേർതിരിച്ചു കാണുന്നില്ല.
ത്രീ പീസ് സ്യൂട്ട് ധരിച്ചു കൊണ്ട് ഡോ.അംബേദ്കർ വിപ്ലവകരമായ പ്രസ്താവനയാണ് നടത്തിയതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാൻ ദളിതർക്ക് അക്കാലത്ത് വിലക്കുണ്ടായിരുന്നു. അടിച്ചമർത്തപ്പെട്ട തന്റെ സമുദായത്തിന്റെ സത്വം വീണ്ടെടുക്കാനാണ് അംബേദ്ക്കർ ഇത്തരം വസ്ത്രം തിരഞ്ഞെടുത്തത്. ഓരോ വ്യക്തിക്കും സമൂഹത്തിനും സമുദായത്തിനും അതിന്റെതായ സദാചാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.