aiims

ന്യൂഡൽഹി:ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ(എയിംസ്) നടന്ന സൈബർ ആക്രമണത്തിൽ ഇന്റർപോളിന്റെ സഹായം തേടി ഡൽഹി പൊലീസ് സി.ബി.ഐയ്ക്ക് കത്തെഴുതി. ഇന്റർപോളിന്റെ സഹായത്തോടെ സൈബർ ആക്രമണത്തിലെ ചൈനീസ് ബന്ധം കണ്ടെത്താനാണ് ഡൽഹി പൊലീസിന്റെ നീക്കം. സൈബർ ആക്രമണം നടത്താനുപയോഗിച്ച ചൈനയിലെ ഹെനാനിൽ നിന്നും ഹോംഗ്കോംഗിൽ നിന്നുമുള്ള ഇ മെയിൽ വിലാസങ്ങളുടെ ഐ.പി അഡ്രസുകൾ ലഭ്യമാക്കാൻ ഇന്റർപോളിനോട് അഭ്യർത്ഥിക്കണമെന്നാവശ്യപ്പെട്ടാണ് ഡൽഹി പൊലീസ് ഇന്റലിജൻസ് ഫ്യൂഷൻ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷൻസിന്റെ(ഐ.എഫ്.എസ്.ഒ) കത്ത്.

ഇന്ത്യയിൽ നിന്ന് ഇന്റർപോളുമായി ബന്ധപ്പെടാനുള്ള നോഡൽ ഏജൻസിയാണ് സി.ബി.ഐ. ഡൽഹി എയിംസിന് നേരെ സൈബർ ആക്രമണം നടന്നത് നവംബർ 23 നാണ്. എയിംസിന്റെ അഞ്ച് ഫിസിക്കൽ സെർവറുകളാണ് ആക്രമിക്കപ്പെട്ടത്. തുടർന്ന് ഡൽഹി പൊലീസിലെ ഐ.എഫ്.എസ്.ഒ കേസ് രജിസ്റ്റർ ചെയ്തത്. സെർവറുകളുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന രണ്ട് അനലിസ്റ്റുകളെ സസ്പെന്റ് ചെയ്തിരുന്നു. പിന്നീട് സെർവറുകളിലെ വിവരങ്ങൾ പുന:സ്ഥാപിച്ചിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള നിരവധി വി.ഐ.പികളുടെ വിവരങ്ങളുള്ള എയിംസിൽ നടന്ന ഈ സൈബർ ആക്രമണം സംബന്ധിച്ച് എൻ.ഐ.എ, ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീം, ഡൽഹി സൈബർ ക്രൈം സ്പെഷ്യൽ സെൽ, സി.ബി.ഐ, ഐ.ബി തുടങ്ങിയ ഏജൻസികളും അന്വേഷണം നടത്തിയിരുന്നു. സൈബർ ആക്രമണം ചൈനയിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.