
ന്യൂഡൽഹി: രാജ്യത്തെ 1,08,227 ചേരികളിലായി 6.54 കോടി ജനം താമസിക്കുന്നുണ്ടെന്ന് കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചു. കഴിഞ്ഞ ദിവസം പാർലമെന്റിൽ നൽകിയ കണക്കുകളിലാണ് ഇക്കാര്യമുള്ളത്. മഹാരാഷ്ട്രയിലാണ് ചേരികളിൽ താമസിക്കുന്ന കുടുംബങ്ങൾ കൂടുതൽ- 24,99,948. കുറവ് ആൻഡമാൻ നിക്കോബാർ ദ്വീപുകളിലും- 3324. കേരളത്തിൽ 45,417 കുടുംബങ്ങളാണ് ചേരികളിലുള്ളത്. രാജ്യത്താകെ 1.39 കോടി കുടുംബങ്ങൾ ചേരികളിൽ താമസിക്കുന്നുവെന്നും രാജ്യസഭയിൽ എ.എ. റഹീം എം.പിയുടെ ചോദ്യത്തിന് കേന്ദ്ര ഭവന, നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ നൽകിയ മറുപടിയിൽ പറയുന്നു.
ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസ്ഥാനങ്ങളുടെ കീഴിലാണെന്നും പ്രധാനമന്ത്രി ആവാസ് യോജ്‌നയുടെ കീഴിൽ ചേരി നിവാസികൾക്ക് വീടുണ്ടാക്കി നൽകുന്ന പദ്ധതി നടപ്പാക്കുകയാണെന്നും മന്ത്രി അറിയിച്ചു.
ചേരികളിൽ 1.39 കോടി കുടുംബം
മഹാരാഷ്‌ട്ര- 24,99,948 കുടുംബം
തമിഴ്നാട്- 14,63,689
ആന്ധ്ര- 14,27,037
പശ്‌ചിമ ബംഗാൾ- 13,91,756
മദ്ധ്യപ്രദേശ്- 11,17, 764
ഉത്തർ പ്രദേശ്- 10,66,363
കർണാടക- 7,07,662
ഗുജറാത്ത്- 3,45,998
കേരളം- 45,417
ആൻഡമാൻ നിക്കോബാർ ദ്വീപ്- 3324
മെട്രോ നഗരങ്ങളിലെ കണക്ക്
മുംബയ്- 1,24,42,373 പേർ
ചേരികളിൽ- 52,06,473
ഡൽഹി-1,10,34,555
ചേരികളിൽ- 16,17,239
ബംഗളൂരു- 84,95,492
ചേരികളിൽ- 7,12,801
ചെന്നൈ- 46,46,732
ചേരികളിൽ- 13,42,337
കൊൽക്കത്ത- 44,96,694
ചേരികളിൽ- 14,09,721
'ചേരികളുടെ എണ്ണം ഇന്ത്യയ്‌ക്ക് അപമാനകരമാണ്. മഹാരാഷ്‌ട്രയ‌്‌ക്കു പുറമെ ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ചേരികളിൽ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണം കൂടുതലാണ്. അദാനി, അംബാനി തുടങ്ങിയ കോർപ്പറേറ്റുകളുടെ വികസനത്തിന് മാത്രം മുൻഗണന കൊടുക്കുന്നതുകൊണ്ടാണിത്. കേന്ദ്ര സർക്കാർ ചേരികളിലെ ദുർബലരെ അവഗണിക്കുകയാണ്".
- എ.എ. റഹീം, എം.പി