
ന്യൂഡൽഹി: കേരളത്തിലെ നയതന്ത്ര സ്വർണക്കടത്ത് കേസ് അന്വേഷണം അവസാനിപ്പിക്കുന്നില്ലെന്ന് കേന്ദ്ര ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോകസഭയിൽ വ്യക്തമാക്കി. അന്വേഷണം അവസാനിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടില്ല. കേസുമായി ബന്ധപ്പെട്ട് സംസ്ഥാന ഭരണ സംവിധാനം വൻതോതിൽ ദുരുപയോഗം ചെയ്യുന്നത് കോടതിയെ അറിയിച്ചിട്ടുണ്ട്.
കേസിന്റെ തുടർനടപടികൾ കേരളത്തിന് പുറത്തേക്ക് മാറ്റാൻ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ടെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെ ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിൽ മന്ത്രി പങ്കജ് ചൗധരി വ്യക്തമാക്കി. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ രണ്ട് എഫ്.ഐ.ആറുകൾ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ ഇ.ഡി ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് എഫ്.ഐ.ആറുകൾ റദ്ദാക്കി. ഇ.ഡി ഉദ്യോഗസ്ഥരെ ചുമതല നിറവേറ്റുന്നതിൽനിന്ന് സംസ്ഥാന പൊലീസ് തടയുന്നതായും ഇക്കാര്യം സുപ്രീംകോടതിയിൽ ചൂണ്ടിക്കാണിച്ചതായും ധനമന്ത്രാലയം വ്യക്തമാക്കി.
കേസിൽ ഉന്നതരുടെ പങ്കാളിത്തം അന്വേഷിക്കാൻ സർക്കാർ നിർദ്ദേശമുണ്ടോ, അതിന്റെ വിശദാംശങ്ങൾ എന്താണ്, അന്വേഷണം അവസാനിപ്പിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടോ, വിദേശമന്ത്രാലയത്തിൽ നിന്ന് ഇതുസംബന്ധിച്ച് ധനമന്ത്രാലയത്തിന് എന്തെങ്കിലും അഭ്യർത്ഥന ലഭിച്ചിട്ടുണ്ടോ, കേസന്വേഷണത്തിൽ കേന്ദ്ര ഏജൻസികൾ എന്തെങ്കിലും ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് എൻ.കെ. പ്രേമചന്ദ്രൻ ഉന്നയിച്ചത്.
ചാൻസലർ വിഷയം:
അറിയിച്ചിട്ടില്ലെന്ന് കേന്ദ്രം
ന്യൂഡൽഹി: ഗവർണറെ സർവകലാശാലാ ചാൻസലർ പദവിയിൽ നിന്ന് നീക്കുന്നത് സംബന്ധിച്ച് കേരള സർക്കാരിൽ നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി അൻപൂർണാ ദേവി ലോക്സഭയിൽ അടൂർ പ്രകാശ് എം.പിയെ അറിയിച്ചു. ഗവർണറെ ചാൻസലറായി നിയമിക്കുന്നത് അതാത് സംസ്ഥാന നിയമസഭകൾ പാസാക്കുന്ന സർവകലാശാലാ നിയമങ്ങൾ പ്രകാരമാണ്. അടുത്ത കാലത്ത് ചില സംസ്ഥാനങ്ങൾ ഭരണഘടനാ പദവിയുള്ള മറ്റു ചിലരെ പരിഗണിക്കാൻ നിയമ ഭേദഗതി കൊണ്ടുവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.