parliament

ന്യൂഡൽഹി: ബോളിവുഡ് താരങ്ങളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന പഠാൻ സിനിമയ്ക്കെതിരെ പ്രതിഷേധം ദൗർഭാഗ്യകരമാണെന്ന് ബി.എസ്.പി നേതാവ് ഡാനിഷ് അലി എം.പി ലോകസഭയിൽ പറഞ്ഞു. സിനിമ നിരോധിക്കണമെന്ന മത, രാഷ്ട്രീയ സംഘടനകളുടെ ആവശ്യം ദൗർഭാഗ്യകരമാണ്. സിനിമയിൽ അഭിനയിക്കുന്നവർ ഏതെങ്കിലും നിറമുള്ള വസ്ത്രമണിഞ്ഞാൽ മതം അപകടത്തിലാകുമെന്നാണ് ചിലർ വാദിക്കുന്നത്. രാജ്യത്തൊരിടത്തും സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് വിശ്വഹിന്ദു പരിഷത്തും മുസ്ലിംങ്ങൾക്കിടയിലെ പഠാൻ വിഭാഗത്തെ അപമാനിക്കുന്നതാണ് സിനിമയെന്നും പേര് മാറ്റണമെന്നും മദ്ധ്യപ്രദേശ് ഉലമ ബോർഡും ആവശ്യപ്പെട്ടിരുന്നു.

ഷാരൂഖ് മകൾക്കൊപ്പമിരുന്ന് സിനിമ കാണണമെന്ന് മദ്ധ്യപ്രദേശ് നിയമസഭ സ്പീക്കർ ഗിരീഷ് ഗൗതം ആവശ്യപ്പെട്ടു. എന്നിട്ട് സിനിമ കാണുന്ന ചിത്രം സമൂഹ മാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയും വേണം. നിയമസഭയിൽ സിനിമയെ കുറിച്ച് ബി.ജെ.പി ചർച്ച ചെയ്യുമെന്നും സ്പീക്കർ പറഞ്ഞു. മദ്ധ്യപ്രദേശ് പ്രതിപക്ഷ നേതാവ് ഗോവിന്ദ് സിംഗ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരും സിനിമയെ വിമർശിച്ചു. സിനിമ രാജ്യത്തിന്റെ മൂല്യങ്ങൾക്കെതിരാണെന്ന് അവർ ചൂണ്ടിക്കാട്ടി.