karnataka

ന്യൂഡൽഹി: അതിർത്തി തർക്കം ബി.ജെ.പി ഭരിക്കുന്ന മഹാരാഷ്‌ട്ര - കർണാടക സർക്കാരുകളും കേന്ദ്രസർക്കാരും രമ്യമായി പരിഹരിക്കൻ ശ്രമം തുടരുന്നതിനിടെ പ്രതിപക്ഷ രാഷ്‌ട്രീയ കക്ഷികളുടെ പിന്തുണയോടെയുള്ള വൻ പ്രതിഷേധം അതിർത്തികളെ സംഘർഷഭരിതമാക്കുന്നു. പ്രതിഷേധത്തിനെത്തിയ 300ലധികം ശിവസേന, കോൺഗ്രസ്, എൻ.സി.പി പ്രവർത്തകരെ കർണാടക അതിർത്തിയിൽ തടഞ്ഞു. ചിലരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിലെടുത്തു.

കർണാടക നിയമസഭയുടെ 10 ദിവസത്തെ ശീതകാല സമ്മേളനം ഇന്നലെ തുടങ്ങുന്നത് കണക്കിലെടുത്താണ് കർണാടക അതിർത്തിയായ ബെലഗാവിയിൽ എൻ.സി.പി നേതാവ് ഹസൻ മുഷ്‌രിഫ് ശിവസേനയുടെ കോലാപ്പൂർ ജില്ലാ പ്രസിഡന്റ് വിജയ് ദേവൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിഷേധത്തിനെത്തിയത്. അതിർത്തി തർക്കവിഷയം അഞ്ച് പതിറ്റാണ്ടിലേറെയായി ഉന്നയിക്കുന്ന മദ്ധ്യവർത്തി മഹാരാഷ്ട്ര ഏകീകരണ സമിതിയുടെ (എം.എം.ഇ.എസ്) പ്രവർത്തകരും പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ട്.

 ധൈര്യശീൽ സംഭാജിറാവുവിനെ തടഞ്ഞു

കർണാടക - മഹാരാഷ്ട്ര അതിർത്തി തർക്ക വിദഗ്‌ദ്ധ സമിതിയുടെ തലവനായി നിയമിതനായ മഹാരാഷ്ട്ര എം.പി ധൈര്യശീൽ സംഭാജിറാവു മാൻ എം.എം.ഇ.എസ് സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ബെലഗാവിയിൽ വരുന്നത് ജില്ലാ ഭരണകൂടം തടഞ്ഞിട്ടുണ്ട്. ധൈര്യശീലിന്റെ സന്ദർശനം ക്രമസമാധാനത്തിന് ഭീഷണിയാണെന്നും അതിർത്തിയിൽ തടഞ്ഞ് തിരിച്ചയയ്ക്കുമെന്നും കർണാടക എ.ഡി.ജി.പി അലോക് കുമാർ പറഞ്ഞു. അതേസമയം നിയമസഭാ സമ്മേളനത്തോടനുബന്ധിച്ച് 61ലധികം സംഘടനകൾ പ്രതിഷേധം നടത്താൻ അനുമതി തേടിയതിനെ തുടർന്ന് അതിർത്തിയിൽ വൻ പൊലീസ് സംഘത്തെ വിന്യസിച്ചു.

 മഹാരാഷ്ട്രയെ വിഭജിക്കാൻ മോദി ശ്രമിക്കുന്നു

മഹാരാഷ്ട്രയെ വിഭജിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഗ്രഹമെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അദ്ധ്യക്ഷൻ നാനാ പടോലെ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിമാരും ആഭ്യന്തരമന്ത്രി അമിത് ഷായും കൂടിക്കാഴ്ച നടത്തിയിട്ടും എന്തുകൊണ്ടാണ് നേതാക്കളെ അതിർത്തിയിൽ തടയുന്നതെന്നും അദ്ദേഹം ചോദിച്ചു.

പതിറ്റാണ്ടുകളായി നിലനിൽക്കുന്ന അതിർത്തി തർക്കത്തിൽ സുപ്രീം കോടതി തീരുമാനം വരുന്നതുവരെ മൗനം പാലിക്കാൻ കർണാടക, മഹാരാഷ്ട്ര മുഖ്യമന്ത്രിമാർ സമ്മതിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞിരുന്നു.

അതേസമയം വിഷയത്തിൽ സംസ്ഥാനം ശക്തമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയം പാടില്ല. മറാഠി സംസാരിക്കുന്ന ഗ്രാമങ്ങളെ കർണാടകയിൽ ചേർക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ ആരെന്ന് അറിയാമെന്നും അദ്ദേഹം പറഞ്ഞു.