congress

ന്യൂഡൽഹി: കോൺഗ്രസ് രൂപീകരണ ദിനം ദേശീയ തലത്തിൽ ആഘോഷിക്കാൻ ഡൽഹിയിൽ ചേർന്ന കോൺഗ്രസ് എസ് അഖിലേന്ത്യ നേതൃയോഗം തീരുമാനിച്ചതായി രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ അറിയിച്ചു. അവിഭക്ത കോൺഗ്രസിന്റെ ജന്മദിനമായ ഡിസംബർ 28 മുതൽ 'ഗാന്ധിജിയിലേക്ക് മടങ്ങൂ രാജ്യത്തെ രക്ഷിക്കൂ' എന്ന മുദ്രാവാക്യമുയർത്തി ഒരാഴ്ച വിവിധ പരിപാടികൾ സംഘടിപ്പിക്കും. 28ന് എറണാകുളത്ത് സംസ്ഥാനതല പരിപാടി നടത്തും. മതേതരത്വവും ജനാധിപത്യവും ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന്റെ യഥാർത്ഥ മൂല്യങ്ങൾ കോൺഗ്രസ് ഐ അവഗണിക്കുകയാണെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി കുറ്റപ്പെടുത്തി. കേന്ദ്രത്തിന്റെ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ ആത്മാർത്ഥമായി പ്രതികരിക്കാൻ അവർ തയ്യാറാകുന്നില്ല. ഉമേഷ് ചന്ദ്ര ശർമ്മ (ഡൽഹി), സുനിൽ സക്സേന (യു.പി), അൻഷുമാൻ ദാസ് (അസാം) എന്നിവരെ അദ്ധ്യക്ഷന്മാരാക്കി സംസ്ഥാന ഘടകങ്ങൾ പുന:സംഘടിപ്പിച്ചതായും കടന്നപ്പള്ളി അറിയിച്ചു.