laggage

ന്യൂഡൽഹി: യാത്രക്കാരുടെ കാബിൻ ബാഗിലെ ലാപ്‌ടോപ്പും മൊബൈൽ ഫോണുമടക്കമുള്ള ഇലക്‌ട‌്രോണിക് ഉപകരണങ്ങൾ പരിശോധിക്കാൻ ഡൽഹി, മുംബയ്, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ലഗേജ് സ്കാനറുകൾ സ്ഥാപിക്കും. ഇതിലൂടെ ഇലക്‌ട‌്രോണിക് ഉപകരണങ്ങൾ പ്രത്യേക ട്രേകളിൽ വയ്‌ക്കാതെ സുരക്ഷാ പരിശോധന നടത്താം. യു.എസിലെയും യൂറോപ്പിലെയും വിമാനത്താവളങ്ങളിലുള്ള സംവിധാനമാണിത്.

ഇലക്‌ട‌്രോണിക് ഉപകരണങ്ങൾ പ്രത്യേക ട്രേയിലേക്ക് മാറ്റിയുള്ള പരിശോധന ഡൽഹിയടക്കമുള്ള തിരക്കേറിയ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് നടപടി.

നിലവിലുള്ള വാതിൽ രൂപത്തിലുള്ള മെറ്റൽ ഡിറ്റക്ടറുകൾക്ക് പകരം ഫുൾ ബോഡി സ്കാനറുകളും ഇവയ്‌ക്കൊപ്പം സ്ഥാപിക്കും. 2020 മാർച്ചിൽ സ്ഥാപിക്കേണ്ട ഇവ കൊവിഡ് കാരണമാണ് വൈകിയത്. 2023 ഡിസംബറിനുള്ളിൽ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഫുൾബോഡി സ്‌കാനറെത്തും.

 വരുന്നത് യു.എസ് സ്‌കാനറുകൾ

ചൈനീസ് കമ്പനിയായ ന്യൂടെക്കാണ് ഫുൾ ബോഡി സ്‌കാനറുകൾക്കായി ടെൻഡർ നൽകിയിരുന്നത്. എന്നാൽ അതിർത്തി തർക്കം കാരണം ന്യൂടെക്കിന്റെ ടെൻഡർ എയർപോർട്ട് അതോറിട്ടി ഒഫ് ഇന്ത്യ പിൻവലിച്ച് അമേരിക്കൻ കമ്പനികളായ സ്മിത്ത്‌സ്, എൽ-3, ജർമ്മൻ കമ്പനി റോഹ്‌ഡെ ആൻഡ് ഷ്വാർസ് എന്നിവയ്‌ക്ക് നൽകുകയായിരുന്നു.

ലഗേജ് സ്‌കാനറുകളുടെ പ്രത്യേകത

 ഡ്യുവൽ എക്‌സ്-റേ സംവിധാനം

 ഹൈ റെസലൂഷൻ ത്രിമാന ചിത്രമെടുക്കുന്ന കമ്പ്യൂട്ടർ ടോമോഗ്രഫി

 സ്ഫോടകവസ്തുക്കൾ തിരിച്ചറിയാൻ ന്യൂട്രോൺ ബീം

 തെറ്റായ അലാറം പുറപ്പെടുവിക്കില്ല