sushanth

ന്യൂഡൽഹി: അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മാനേജരായിരുന്ന ദിഷ സാലിയന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം. ആദിത്യ താക്കറെയ്ക്ക് ദിഷയുടെ മരണത്തിൽ പങ്കുണ്ടെന്ന് ആരോപണം ഉയർന്ന സാഹചര്യത്തിൽ മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുതിയ വിവാദങ്ങൾക്ക് തുടക്കമാകുന്ന

തീരുമാനം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്

നിയമസഭയിലാണ് പ്രഖ്യാപിച്ചത്.

2020 ജൂൺ 8 ന് ദിഷയെ മലാഡിലെ അവരുടെ പ്രതിശ്രുത വരന്റെ 14-ാം നിലയിലുള്ള ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഒരാഴ്ച്ച കഴിഞ്ഞ് നടൻ സുശാന്ത് സിംഗ് രജ്പുതിനെ അദ്ദേഹത്തിന്റെ വസതിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2021 ൽ മുംബയ് പൊലീസ് കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.

ദിഷയുടെ കേസ് മുംബയ് പൊലീസ് പുനരന്വേഷിക്കുകയാണെന്നും തെളിവുകൾ എസ്.ഐ.ടിക്ക് കൈമാറാമെന്നും ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉപമുഖ്യമന്ത്രി ഫഡ്നാവിസ് പറഞ്ഞു. ആരെയും ലക്ഷ്യം വയ്ക്കാതെ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദിഷ സാലിയന്റെ മരണത്തെക്കുറിച്ച് എസ്.ഐ.ടി അനേഷണം വേണമെന്ന് ബി.ജെ.പി എം.എൽ.എ മാധുരി മിസൽ നിയമസഭയിൽ ആവശ്യപ്പെട്ടിരുന്നു. ദിഷയുടെ മരണത്തിലുള്ള ദുരൂഹത ആദ്യം ഉന്നയിച്ചത് ഏകനാഥ് ഷിൻഡെ വിഭാഗത്തിലെ എം.എൽ.എ ഭരത് ഗോഗവാലെയാണ്. പിന്നീട് ബി.ജെ.പി എം.എൽ.എ നിതേഷ് റാണെയും ഇതേ ആവശ്യം ഇന്നലെ സഭയിലുന്നയിച്ചു. സംഭവത്തിന് പിന്നിൽ മുൻ മന്ത്രി ആദിത്യ താക്കറെയാണെന്നും നിതേഷ് റാണെ ആരോപണമുന്നയിച്ചു. മുൻ സർക്കാരിന്റെ കാലത്ത് നിരവധി തെളിവുകൾ നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ദിഷയുടെ കാമുകൻ രോഹൻ റായിക്ക് സംഭവത്തെ കുറിച്ച് എല്ലാം അറിയാമായിരുന്നു. എന്നാൽ, അദ്ദേഹത്തെ ഇപ്പോൾ കാണാനില്ല. ദിഷ സാലിയൻ കൊല്ലപ്പെട്ടതാണെന്നും അന്വേഷണത്തിന്റെ ഭാഗമായി ആദിത്യ താക്കറെയുടെ നാർക്കോ ടെസ്റ്റ് നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് സഭയിൽ വലിയ ബഹളത്തിന് കാരണമായി. ബി.ജെ.പി - ഷിൻഡെ സേന സർക്കാർ യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് അജിത് പവാർ ആരോപിച്ചു. ഇത് ആത്മഹത്യയാണെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ്. പ്രധാനപ്പെട്ട വിഷയങ്ങളുന്നയിക്കാനുള്ള അവസരമാണ് നിഷേധിക്കുന്നതെന്നും പവാർ വ്യക്തമാക്കി.

ഷിൻഡെ വിഭാഗം എം.പി രാഹുൽ ഷെവാലെ പ്രശ്നം ലോക്സഭയിലും ഉന്നയിച്ചിരുന്നു. ഒരു ടാലന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ദിഷ, സുശാന്ത് സിംഗ് രജ്പുതിന്റെ ഫിനാൻസ് മാനേജരായാണ് പ്രവർത്തിച്ചിരുന്നത്.