
ന്യൂഡൽഹി: ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥിരനിക്ഷേപമായ 3,700 കോടി രൂപ കണ്ടു കെട്ടാനുള്ള ആദായ നികുതി വകുപ്പിന്റെ ഉത്തരവ് കർണ്ണാടക ഹൈക്കോടതി റദ്ദാക്കി. ഇന്ത്യയിൽ നികുതി വെട്ടിപ്പ് നടത്താനായി റോയൽറ്റി നൽകാനെന്ന വ്യാജേന ചൈനീസ് സ്ഥാപനമായ ഷവോമി വരുമാനം വിദേശത്തേക്ക് അയയ്ക്കുന്നത് കണ്ടെത്തിയതിനെ തുടർന്നാണ് ആദായ നികുതി വകുപ്പിന്റെ ഉത്തരവ്. കർണ്ണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് ജഡ്ജ് ജസ്റ്റിസ് എസ്.ആർ. കൃഷ്ണകുമാർ പുറപ്പെടുവിച്ച ഉത്തരവിൽ മൂന്ന് വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദായനികുതി ഉത്തരവ് റദ്ദാക്കി കൊണ്ട് ഹൈക്കോടതി ഭാഗിക ഇളവുകളാണ് അനുവദിച്ചത്. ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ നിന്ന് റോയൽറ്റി രൂപത്തിലോ മറ്റേതെങ്കിലും മാർഗ്ഗത്തിലോ ഇന്ത്യയ്ക്ക് പുറത്തുള്ള സ്ഥാപനങ്ങൾക്ക് ഫണ്ട് കൈമാറാൻ ഷവോമി ഇന്ത്യയ്ക്ക് അർഹതയില്ലെന്ന് കോടതി വിധിച്ചു. ഫിക്സഡ് ഡെപ്പോസിറ്റ് അക്കൗണ്ടുകളിൽ നിന്ന് ഓവർഡ്രാഫ്റ്റുകൾ എടുക്കാനും ഇന്ത്യയ്ക്ക് പുറത്തുള്ള കമ്പനികൾക്ക് പണമിടപാട് നടത്താനും കമ്പനിക്ക് അവകാശമുണ്ടെന്നും കോടതി വ്യക്തമാക്കി. ഷവോമി കമ്പനിയുടെ 2019 - 20, 2020-21, 2021 - 22 വർഷങ്ങളിലെ കരട് വിലയിരുത്തൽ നടപടികൾ 2023 മാർച്ച് 31ന് മുമ്പ് പൂർത്തിയാക്കണമെന്ന് ആദായ നികുതി വകുപ്പിന് നിർദ്ദേശം നൽകി.