
ന്യൂഡൽഹി: കോവിഷീൽഡ്, കോവാക‌്സിൻ എന്നിവ രണ്ടു ഡോസ് എടുത്തവർക്ക് ബൂസ്റ്റർ ഡോസായി കോവോവാക്‌സ് നൽകാനുള്ള വിപണി അനുമതി വേഗത്തിലാക്കാൻ ആവശ്യപ്പെട്ട് നിർമ്മാതാക്കളായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഡ്രഗ്‌സ് കൺട്രോളർ ജനറലിനെ(ഡി.സി.ജി.ഐ) സമീപിച്ചു. ഒക്‌ടോബറിലാണ് ഇതിനുള്ള അപേക്ഷ സമർപ്പിച്ചത്. എന്നാൽ ഇതുവരെ നടപടിയുണ്ടായില്ല. ചൈനയിലെ കൊവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ അനുമതി വേഗത്തിലാക്കണമെന്നാണ് ആവശ്യം.
സെറം ഇൻസ്റ്റിറ്റ്യൂട്ട് യു.എസ് കമ്പനിയായ നോവാവാക്‌സുമായി ചേർന്ന് നിർമ്മിക്കുന്ന കോവോവാക്‌സ് നിലവിൽ 7-11, 12-17 പ്രായക്കാർക്ക് നൽകാൻ അനുമതി ലഭിച്ചിട്ടുണ്ട്.90.6 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്നാണ് നിർമ്മാതാക്കൾ അവകാശപ്പെടുന്നത്.