
ന്യൂഡൽഹി: ഫിറോസ്പൂർ സിറ പട്ടണത്തിലെ സ്വകാര്യ ഡിസ്റ്റിലറി കം എഥനോൾ നിർമ്മാണ പ്ലാന്റിൽ നിന്ന് പ്രതിഷേധക്കാരെ നീക്കം ചെയ്യാത്തതിനാൽ പഞ്ചാബ് സർക്കാരിന് 20 കോടി രൂപ പിഴ ചുമത്തി പഞ്ചാബ്,ഹരിയാന ഹൈക്കോടതി. തുക രജിസ്ട്രിയിൽ നിക്ഷേപിക്കണം.
പ്രതിഷേധക്കാർ പ്ലാന്റിന്റെ ഗേറ്റ് ഉപരോധിച്ചതിനാൽ യുണിറ്റിന് വൻ നഷ്ടം സംഭവിക്കുന്നുവെന്ന് കാണിച്ച് ഡിസ്റ്റിലറി ഉടമ ഹർജി നൽകിയിരുന്നു. പ്രതിഷേധിച്ച 200 പേർക്കെതിരെ ഫിറോസ്പൂർ പൊലീസ് കേസും രജിസ്റ്റർ ചെയ്തു. പ്രതിഷേധക്കാരെ ഒഴിപ്പിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. ഡിസ്റ്റിലറി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് സിറ സബ് ഡിവിഷന് കീഴിലുള്ള നാട്ടുകാരാണ് സമരം നടത്തുന്നത്. പ്ലാന്റിൽ നിന്നുള്ള മാലിന്യം കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളുണ്ടാക്കുന്നെന്നും കന്നുകാലികൾ ചത്തൊടുങ്ങുന്നെന്നും ഇവർ ആരോപിക്കുന്നു.