bjp

ന്യൂഡൽഹി: കൊവിഡ് വ്യാപന സാദ്ധ്യത കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച ജൻ ആക്രോശ് യാത്ര ബി.ജെ.പി പിൻവലിച്ചു. പകരം കൊവിഡ് മാനദണ്ഡം പാലിച്ച് ജൻ ആക്രോശ് സഭ സംഘടിപ്പിക്കും. അടുത്ത വർഷം തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനിലാണ് ജൻ ആക്രോശ് യാത്ര നടന്നിരുന്നത്.

ഡിസംബർ ഒന്നിന് ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയാണ് യാത്രയ്ക്ക് തുടക്കം കുറിച്ചത്. എന്നാൽ യാത്ര മാറ്റി വയ്ക്കുന്നത് സംബന്ധിച്ച് ബി.ജെ.പിയിൽ ആശയക്കുഴപ്പമുണ്ടായി. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് യാത്ര പിൻവലിക്കുകയാണെന്ന് ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗാണ് പ്രഖ്യാപിച്ചത്. എന്നാൽ യാത്ര പിൻവലിക്കുമെന്ന് പറഞ്ഞത് ആശയക്കുഴപ്പം മൂലമാണെന്നും പകരം ജനസഭകൾ സംഘടിപ്പിക്കുമെന്നും ബി.ജെ.പി രാജസ്ഥാൻ അദ്ധ്യക്ഷൻ സതീഷ് പൂനിയ പ്രഖ്യാപിച്ചു. ഇതിനകം 41 നിയമസഭ മണ്ഡലങ്ങളിൽ ജൻ ആക്രോശ് യാത്ര നടന്നു കഴിഞ്ഞു. യാത്രയ്ക്കിടെ രണ്ട് കോടി ആളുകളുമായി പാർട്ടി സംവദിച്ചെന്നും സതീഷ് പൂനിയ വ്യക്തമാക്കി. കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്ന് ഏതെങ്കിലും നിർദ്ദേശങ്ങൾ വരുന്നത് വരെ ജൻ ആക്രോശ് സഭകൾ തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നില്ലെങ്കിൽ ജോ ഡോ യാത്ര നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി മൻസുഖ് മാണ്ഡവ്യ രാഹുലിന് കത്തയച്ചിരുന്നു. എന്നാൽ യാത്രയുമായി മുന്നോട്ട് പോകാൻ കോൺഗ്രസ് തീരുമാനിച്ചതോടെയാണ് ജനസഭ യാത്ര നടത്താൻ ബി.ജെ.പി തീരുമാനിച്ചത്.