congress

ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന കേന്ദ്രസർക്കാർ നിർദ്ദേശത്തെ തുടർന്ന് ഇന്നുമുതൽ ഭാരത് ജോഡോ യാത്രാംഗങ്ങൾക്ക് മാസ്‌ക് നിർബന്ധമാക്കിയതായി കോൺഗ്രസ് നേതൃത്വം അറിയിച്ചു. യാത്ര ഇന്ന് പുലർച്ചെ ഹരിയാനയിൽ നിന്ന് ഡൽഹിയിലെത്തും. ഡൽഹിയിൽ വൈകിട്ട് നടക്കുന്ന റാലിയിൽ രാഹുൽ ഗാന്ധിക്കൊപ്പം പ്രശസ്‌ത ചലച്ചിത്ര താരവും മക്കൾ നീതി മയ്യം പാർട്ടി നേതാവുമായ കമൽഹാസനും സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബാംഗങ്ങളും അണിചേരും.

കേന്ദ്ര സർക്കാർ പെട്ടെന്ന് കൊവിഡ് പ്രതിരോധം ശക്തിപ്പെടുത്തിയത് ഭാരത് ജോഡോ യാത്രയെ അപകീർത്തിപ്പെടുത്താനും ഡൽഹിയിലേക്ക് കടക്കുന്നത് തടയാനുമാണെന്ന് കോൺഗ്രസ് കമ്മ്യൂണിക്കേഷൻ വിഭാഗം മേധാവി ജയ്‌റാംരമേശ് ആരോപിച്ചു. ജോഡോ യാത്രയിൽ ശാസ്ത്രീയവും വിദഗ്ദ്ധർ അംഗീകരിച്ചതുമായ കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മഹാഭാരത യുദ്ധം പോലെ 18 ദിവസത്തിനകം കൊവിഡിനെ പിടിച്ചുകെട്ടുമെന്ന് പറഞ്ഞ പാർട്ടിയല്ല തങ്ങളുടേത്. ബാൽക്കണിയിൽ പോയി പാത്രം കൊട്ടി മഹാമാരിയെ നേരിടാൻ ഇന്ത്യക്കാരെ ഉപദേശിച്ച ഒരു മാന്യൻ ഉണ്ടായിരുന്നുവെന്നും പ്രധാനമന്ത്രിയെ കളിയാക്കി രമേശ് പറഞ്ഞു.

 40,000 - 50,000 പേർ പങ്കെടുക്കും

ഡൽഹിയിലെ ജോഡോ യാത്രയിൽ 40,000 - 50,000 വരെ യാത്രക്കാർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ ചൗധരി പറഞ്ഞു.

ഇന്ന് രാവിലെ ആറിന് ഡൽഹി ബദർപൂർ അതിർത്തിയിൽ പ്രവേശിക്കുന്ന യാത്രയിൽ വിവിധ മേഖലകളിൽ നിന്നുള്ളവർ അണിചേരും. യാത്ര ഉച്ചയ്‌ക്ക് നിസാമുദ്ദീൻ, ഇന്ത്യാ ഗേറ്റ് സർക്കിൾ-ഐടിഒ-ഡൽഹി കാന്റ്-ദാര്യ ഗഞ്ച് വഴി ചെങ്കോട്ടയിലേക്ക് പോകും. തുടർന്ന് രാഹുൽ ഗാന്ധി രാജ്ഘട്ട്, വീർഭൂമി, ശാന്തിവൻ എന്നിവിടങ്ങൾ പുഷ്പാർച്ചന നടത്തും.

ഡൽഹിയിൽ ഒരു ദിവസം മാത്രമാണ് യാത്ര. ഇടവേളയ്ക്ക് ശേഷം, ജനുവരി 3 മുതൽ ഉത്തർപ്രദേശിൽ നിന്ന് യാത്ര പുനഃരാരംഭിക്കും. തുടർന്ന് രണ്ടാം ഘട്ടത്തിൽ വീണ്ടും ഹരിയാനയിലേക്കും തുടർന്ന് പഞ്ചാബിലേക്കും ജമ്മു കശ്മീരിലേക്കും പോകും. സെപ്‌തംബർ ഏഴിന് കന്യാകുമാരിയിലാരംഭിച്ച യാത്ര തമിഴ്‌നാട്, കേരളം, കർണാടക, തെലങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിൽ പര്യടനം നടത്തിയിരുന്നു.