saniya-mirza

ന്യൂഡൽഹി: യുദ്ധവിമാനം പറത്തിയ ആദ്യ ഇന്ത്യൻ വനിത, ഫ്ലൈറ്റ് ലഫ്റ്റനന്റ് അവാനി ചതുർവേദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് സാനിയ മിർസ പറന്നുയരാൻ പോകുന്നത് ചരിത്രത്തിലേക്ക്. നാഷണൽ ഡിഫൻസ് അക്കാഡമിയുടെ പരീക്ഷയിൽ 149-ാം റാങ്ക് നേടിയ സാനിയ ഇന്ത്യയിൽ യുദ്ധവിമാന പൈലറ്റാകുന്ന ആദ്യ മുസ്ലിം വനിതയാകും. ഈ മാസം 27 ന് പുനെയിലെ ഡിഫൻസ് അക്കാഡമിയിൽ പരിശീലനത്തിനായി ചേരും. ഉത്തർപ്രദേശിലെ മിർസാപൂരിൽ ടെലിവിഷൻ മെക്കാനിക്കായ ഷാഹിദ് അലിയുടെയും തബസ്സും മിർസയുടെയും മകളാണ്.

മിർസാപൂരിലെ ജസോവർ എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച സാനിയ പണ്ഡിറ്റ് ചിന്താമണി ദുബെ ഇന്റർമീഡിയറ്റ് സ്കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. തുടർ പഠനം മിർസാപൂർ സിറ്റിയിലെ ഗുരുനാനാക് ഗേൾസ് ഇന്റർ കോളേജിൽ. 12-ാം ബോർഡ് പരീക്ഷയിൽ ജില്ലയിൽ ഒന്നാം റാങ്ക് ലഭിച്ചു. സെഞ്ചൂറിയൻ ഡിഫൻസ് അക്കാഡമിയിൽ എൻ.ഡി.എ പ്രവേശനത്തിനുള്ള കോച്ചിംഗിന് ചേർന്നു. എൻ.ഡി.എ 2022 പരീക്ഷയിൽ ഫൈറ്റർ പൈലറ്റ് സ്ഥാനത്തിനായി രണ്ട് സീറ്റുകളാണ് വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ളത്. ആദ്യശ്രമത്തിൽ വിജയിക്കാനായില്ല. രണ്ടാമത് അത് നേടിയെന്ന് സാനിയ പറഞ്ഞു.