rahul

ന്യൂഡൽഹി: കൊവിഡ് പ്രോട്ടോക്കോൾ പാലിക്കണമെന്ന കേന്ദ്രസർക്കാർ സമ്മർദ്ദത്തിനിടെ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 9 സംസ്ഥാനങ്ങൾ പിന്നിട്ട് രാജ്യതലസ്ഥാനത്തെത്തി. ആയിരക്കണക്കിന് പ്രവർത്തകർക്കൊപ്പം മക്കൾ നീതി മയ്യം നേതാവും ചലച്ചിത്രതാരവുമായ കമൽഹാസൻ അടക്കം നിരവധി പ്രമുഖർ ജാഥയിൽ അണിനിരന്നു. വൈകിട്ട് ചെങ്കോട്ടയിൽ നടന്ന റാലിക്ക് ശേഷം ജാഥയ്‌ക്ക് താത്‌ക്കാലിക വിരാമമിട്ടു. ഭാരത് ജോഡോ യാത്രയ്‌ക്ക് ഇനി 9 ദിവസത്തെ ഇടവേളയാണ്. കേന്ദ്രസർക്കാർ പ്രചരിപ്പിക്കുന്ന വെറുപ്പിന്റെ വിപണിയിൽ സ്‌നേഹം വിൽക്കുന്ന കട തുറക്കുകയാണ് ജാഥയുടെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ഇന്നലെ പുലർച്ചെ ആറു മണിക്ക് ഹരിയാനയിലെ ഫരീദാബാദിൽ നിന്ന് ദേശീയ തലസ്ഥാനത്ത് പ്രവേശിച്ച യാത്രയിൽ ജാഥാംഗങ്ങൾ മാസ്‌ക് ധരിക്കാതെയാണ് പങ്കെടുത്തത്. ബദർപൂർ അതിർത്തിയിൽ ഡൽഹി കോൺഗ്രസ് അദ്ധ്യക്ഷൻ അനിൽ ചൗധരിയുടെ നേതൃത്വത്തിൽ ഗാന്ധിയെയും നേതാക്കളെയും യാത്രാംഗങ്ങളെയും സ്വീകരിച്ചു. കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിയും പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭർത്താവ് റോബർട്ട് വാധ്രയും രാഹുലിനൊപ്പം ചേർന്നു. സോണിയ അടക്കം വളരെക്കുറച്ച് ആളുകൾ മാത്രമാണ് മാസ്‌ക് ധരിച്ചത്.

ഹിന്ദു-മുസ്ളിം വിഭാഗീയത

സൃഷ്‌ടിക്കാൻ ശ്രമം: രാഹുൽ

ഹിന്ദു-മുസ്ലിം വിഭാഗിയതയുണ്ടാക്കി യഥാർത്ഥ പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുകയാണ് ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരെന്ന് രാഹുൽ ഗാന്ധി ചെങ്കോട്ടയിൽ നടന്ന റാലിയിൽ പറഞ്ഞു.

ഇത് നരേന്ദ്ര മോദിയുടെ സർക്കാരല്ല, അംബാനിയും അദാനിയുമാണ് ഭരിക്കുന്നത്. ബിരുദധാരികൾ 'പക്കോഡ' വിറ്റാണ് ജീവിക്കുന്നത്. ഹിന്ദു ഗ്രന്ഥങ്ങളിൽ ഒരിടത്തും ദരിദ്രരെ അടിച്ചമർത്തണമെന്ന് പറയുന്നില്ല. ഭാരത് ജോഡോ യാത്രയുടെ പാതയിൽ നായ്ക്കളും പശുവും എരുമയും പന്നിയും അടക്കം എല്ലാ മൃഗങ്ങളും വന്നു. അവയെ ആരും ഉപദ്രവിച്ചില്ല. ഈ യാത്ര ഇന്ത്യയെപ്പോലെയാണ്. 2800 കിലോമീറ്റർ നടന്നപ്പോൾ ആളുകൾക്കിടയിൽ വിദ്വേഷമോ അക്രമമോ കണ്ടില്ല. പക്ഷേ, ടിവി ഓൺ ചെയ്യുമ്പോൾ എല്ലായിടത്തും വെറുപ്പ് മാത്രമാണ് കാണുന്നത്. വിദ്വേഷത്തിന്റെ ചന്തയിൽ സ്നേഹത്തിന്റെ കട തുറക്കാൻ ഞങ്ങൾ ഇവിടെയുണ്ട്. ആളുകൾ പരസ്‌പരം സഹായിക്കുന്ന 'യഥാർത്ഥ ഹിന്ദുസ്ഥാൻ' ഉയർത്തിക്കാട്ടാനാണ് യാത്ര.

ഭാരത് ജോഡോ യാത്രയെ ഭയക്കുന്ന ബി.ജെ.പി കൊവിഡിന്റെ പേരിൽ അത് തടയാൻ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെ പറഞ്ഞു.

യാത്രയിൽ ആർക്കുംകൊവിഡ് ഇല്ല. പ്രധാനമന്ത്രി മോദി പോലും മാസ്‌ക് ധരിക്കുന്നില്ല.

രാഷ്‌ട്രീയം മറന്ന് രാജ്യത്തിനായി ഒന്നിക്കാൻ വേണ്ടിയാണ് താൻ ജാഥയിൽ അണിചേർന്നതെന്ന് കമൽഹാസൻ പറഞ്ഞു. ഇന്ത്യക്കാരനായാണ് വന്നത്. പിതാവ് കോൺഗ്രസുകാരനായിരുന്നു. എന്റെ ആശയങ്ങൾ വ്യത്യസ‌്തമാണ്. സ്വന്തം പാർട്ടി ആരംഭിച്ചു. എന്നാൽ, രാജ്യത്തിന്റെ കാര്യം വരുമ്പോൾ രാഷ്ട്രീയം പാടില്ല. രാജ്യത്തിന് ഏറ്റവും ആവശ്യമുള്ള സമയമാണിതെന്ന് സ്വയം തോന്നിയതിനാലാണ് വന്നത്. ഇന്ത്യയെ തകർക്കാൻ ശ്രമിക്കുന്നവരെ സഹായിക്കരുത്, ഒന്നിക്കാൻ സഹായിക്കണം.

.

ഡൽഹിയിലെ യാത്രയ്‌ക്കിടെ രാഹുൽ നിസാമുദ്ദീനിലെ ഹസ്രത്ത് നിസാമുദ്ദീൻ ഔലിയ ദർഗ, ഡൽഹിയിലെ ആശ്രമ ചൗക്കിലുള്ള ജയറാം ആശ്രമം, രാജ്ഘട്ട്, വീർഭൂമി, മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സ്മാരകമായ രാഷ്ട്രീയ സ്മൃതി സ്ഥലം തുടങ്ങിയവ സന്ദർശിച്ചു.