
ന്യൂഡൽഹി: ഡൽഹിയടക്കം ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ അതിശൈത്യത്തിൽ അമരുമ്പോൾ ശൈത്യതരംഗം അഞ്ച് ദിവസം തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാശ്മീരിലെ താപനില മൈനസ് ഏഴാണ്. അതിശൈത്യത്തിൽ ദാൽ തടാകം തണുത്തുറഞ്ഞതോടെ കാശ്മീരിൽ കുടിവെള്ളവും മുട്ടി. ദാൽ തടാകത്തിൽ നിന്നാണ് കാശ്മീരിൽ ജലവിതരണം നടത്തുന്നത്.
പഞ്ചാബ്, രാജസ്ഥാൻ ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ താപനില പൂജ്യത്തിനോടടുക്കുകയാണ്. രാജസ്ഥാനിലെ പല പ്രദേശങ്ങളിലും നിലവിൽ പൂജ്യം ഡിഗ്രി സെൽഷ്യസാണ്. ഡൽഹിയിലെ പലയിടങ്ങളിലും രാത്രിയിലെ താപനില മൂന്ന് ഡിഗ്രിയാണ്. ഏറക്കാലത്തിനിടയിലെ ഏറ്റവും തണുപ്പുള്ള ക്രിസ്മസാണ് കടന്ന് പോയതെന്ന് ഡൽഹി ജനതയും പറയുന്നു. ചണ്ഡിഗഡിൽ 2.8 ഡിഗ്രിയാണ് താപനില. അതിനിടെ ഉത്തരേന്ത്യയിൽ ശീതക്കാറ്റും മൂടൽ മഞ്ഞും ശക്തിപ്രാപിക്കുകയാണ്.
കനത്ത മൂടൽ മഞ്ഞ് കാരണം പലയിടങ്ങളിലെയും ട്രെയിൻ ഗതാഗതത്തെയും ബാധിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങള്ളിൽ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ അതിശക്തമായ മൂടൽ മഞ്ഞിനും സാദ്ധ്യതയുണ്ട്. അതേസമയം ശ്രീലങ്കൻ തീരത്ത് തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തെക്ക് പടിഞ്ഞാറോട്ട് നീങ്ങിയതിനാൽ തമിഴ്നാട്ടിലും തെക്കൻ കേരളത്തിലും പലയിടത്തും മഴയ്ക്ക് സാദ്ധ്യതയുണ്ട്.
അതിർത്തിയിൽ കനത്ത സുരക്ഷ
മൂടൽ മഞ്ഞ് അതിർത്തികളിൽ സൈന്യം സുരക്ഷ ശക്തമാക്കി. പ്രതികൂല കാലാവസ്ഥ ആയതിനാൽ അതിർത്തികൾ വഴിയുള്ള നുഴഞ്ഞ് കയറ്റവും കള്ളക്കടത്തും തടയുകയാണ് ലക്ഷ്യം. മൂടൽമഞ്ഞ് റോഡ് ഗതാഗതത്തെയും പ്രതികൂലമായി ബാധിക്കുകയാണ്. പഞ്ചാബിലെ പടിഞ്ഞാറൻ ജില്ലകളിൽ കാഴ്ച പരിധി അഞ്ച് മീറ്ററിൽ താഴെയാണ്. ഇതേത്തുടർന്ന് അപകടങ്ങൾ തടയാൻ പൊലീസും ജാഗ്രതയിലാണ്.