rjd

ന്യൂഡൽഹി: ബീഹാറിൽ ആർ.ജെ.ഡി - ജെ.ഡി.യു സഖ്യം സർക്കാർ രൂപീകരിച്ച് മാസങ്ങൾ പിന്നിടുമ്പോൾ ആർ.ജെ.ഡി നേതാവും മുൻ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവിനെതിരായ റെയിൽവേ അഴിമതി കേസ് വീണ്ടും സി.ബി.ഐ അന്വേഷിക്കും. ലാലുവിനെ കൂടാതെ മക്കളായ തേജസ്വി യാദവ്, ചന്ദ യാദവ്, രാഗിണി യാദവ് എന്നിവരും പ്രതികളാണ്.

തെളിവില്ലാത്തതു കാരണം 2021 മാർച്ചിൽ കേസിന്റെ അന്വേഷണം സി.ബി.ഐ ഏതാണ്ട് അവസാനിപ്പിച്ചിരുന്നു. ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രം കേസ് എടുക്കാനാകില്ലെന്നായിരുന്നു അന്ന് സി.ബി.ഐ പറഞ്ഞത്. ഒന്നാം യു.പി.എ സർക്കാരിൽ റെയിൽവേ മന്ത്രിയായിരിക്കെ ലാലു അനുവദിച്ച പദ്ധതികളിൽ അഴിമതിയുണ്ടെന്നാണ് ആരോപണം.

മുംബയിലെ ബാന്ദ്രയിലെയും ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിലെയും ഭൂമി പാട്ടത്തിന് നൽകിയതിന് പകരം കൈക്കൂലിയായി ഡി.എൽ.എഫ് ഗ്രൂപ്പിൽ നിന്ന് സൗത്ത് ഡൽഹിയിൽ സ്വത്ത് വാങ്ങിയെന്നാണ് ലാലുവും കുടുംബത്തിനുമെതിരായ ആരോപണം. ഡി.എൽ.എഫിന്റെ ഷെൽ കമ്പനി വാങ്ങിയ ഭൂമി തുച്ഛ വിലക്ക് തേജസ്വിയും കുടുബവും സ്വന്തമാക്കുകയായിരുന്നു.

തേജസ്വിനിയ്‌ക്കും നിർണായകം

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ജെ.ഡി.യു, ആർ.ജെ.ഡി മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ലാലുവിന്റെ മകൻ തേജസ്വി യാദവ് ആയിരിക്കുമെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേസ് വീണ്ടും അന്വേഷിക്കാൻ സി.ബി.ഐ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

കേസ് തേജസ്വിക്കും നിർണായകമാകും.