venugopal

ന്യൂഡൽഹി: ഐ.സി.ഐ.സി.ഐ മുൻ സി.ഇ.ഒ ചന്ദ കൊച്ചാറും ഭർത്താവ് ദീപക് കൊച്ചാറും പ്രതികളായ വായ്പ തട്ടിപ്പ് കേസിൽ വീഡിയോകോൺ ഗ്രൂപ്പ് ചെയർമാൻ വേണുഗോപാൽ ദൂതിനെയും സി.ബി.ഐ അറസ്റ്റ് ചെയ്‌തു. ചന്ദ കൊച്ചാറിനെയും ഭർത്താവ് ദീപക് കൊച്ചാറിനെയും കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതിനിടയിലാണ് വേണുഗോപാലിന്റെ അറസ്റ്റ്.

ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ സി.ഇ.ഒ ആയിരുന്നപ്പോൾ വീഡിയോകോൺ ഗ്രൂപ്പിന് അനുവദിച്ച 3,000 കോടിയിലധികം രൂപയുടെ വായ്പ ക്രമക്കേട് സംബന്ധിച്ച കേസിലാണ് അറസ്റ്റ്. വീഡിയോകോൺ ഗ്രൂപ്പിന് ബാങ്ക് വായ്‌പയനുവദിച്ച് മാസങ്ങൾക്ക് ശേഷം ദീപക് സ്ഥാപിച്ച ന്യൂപവർ റിന്യൂവബിൾസ് എന്ന കമ്പനിയിൽ വേണുഗോപാൽ ദൂത് കോടിക്കണക്കിന് രൂപ നിക്ഷേപിച്ചെന്നാണ് സി.ബി.ഐയുടെ കേസിൽ പറയുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വീഡിയോകോണിന് വായ്പയനുവദിച്ച ശേഷം തന്റെ ഭർത്താവ് വഴി വേണുഗോപാൽ ദൂതിൽ നിന്ന് നിയമവിരുദ്ധമായി ആനുകൂല്യം നേടിയതായാണ് ചന്ദ കൊച്ചാറിനെതിരായ കേസ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വീഡിയോകോണിന് ലഭിച്ച 40,000 കോടിയുടെ വായ്പയിലാണ് ചന്ദ കൊച്ചാർ തട്ടിപ്പ് നടത്തിയത്.