
ന്യൂഡൽഹി: രണ്ടു ദിവസം നീണ്ടു നിൽക്കുന്ന സി.പി.എം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. പി.ബി യോഗത്തിൽ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ ഡൽഹിയിലെത്തി. പാർട്ടി സംസ്ഥാന സെക്രട്ടറിയും പി.ബി അംഗവുമായ എം.വി. ഗോവിന്ദൻ ഇന്ന് രാവിലെ എത്തും.
കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജനെതിരെ സംസ്ഥാന സമിതി അംഗം പി. ജയരാജൻ ഉന്നയിച്ച ആരോപണം പ്രത്യേക വിഷയമായി പി.ബി യോഗം ചർച്ച ചെയ്യില്ലെന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. എന്നാൽ, കേരളത്തിലെ പാർട്ടി കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനിടെ സാന്ദർഭികമായി പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വിഷയം പരാമർശിച്ചേക്കുമെന്നറിയുന്നു.
ഇ.പി. ജയരാജനെതിരായ ആരോപണം പി.ബി ചർച്ച ചെയ്യുമോയെന്ന് ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനോട് ആരാഞ്ഞപ്പോൾ ഡൽഹിയിൽ തണുപ്പെങ്ങനെയുണ്ടെന്നായിരുന്നു മറുചോദ്യം. നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിങ്ങളുടെ അടുത്തേക്ക് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇ.പി വിഷയം സംസ്ഥാനത്ത് തന്നെ ചർച്ച ചെയ്ത് തീരുമാനമെടുക്കുന്നതാണ് നല്ലതെന്നാണ് കേന്ദ്ര നേതാക്കളുടെ അഭിപ്രായം. കേന്ദ്ര കമ്മിറ്റി അംഗമാണെങ്കിലും ഇ.പി. ജയരാജൻ പ്രവർത്തിക്കുന്നത് സംസ്ഥാന സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ചായതിനാൽ കേരള പാർട്ടി ഈ വിഷയം ചർച്ച ചെയ്യുന്നതിന് പി.ബിയുടെ അനുമതി ആവശ്യമില്ല. ചർച്ചയ്ക്ക് ശേഷം ഗുരുതരമായ സംഘടനാതീരുമാനം വേണമെങ്കിൽ മാത്രം കേന്ദ്ര കമ്മിറ്റി തലത്തിൽ ചർച്ച ചെയ്യേണ്ടതുള്ളൂ. ആ സാഹചര്യത്തിൽ അടുത്ത മാസം കൊൽക്കത്തയിൽ നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗം ചർച്ച ചെയ്ത് തീരുമാനമടുക്കും.
അടുത്തവർഷം നടക്കുന്ന ത്രിപുര ഉൾപ്പെടെയുള്ള നിയമസഭാ തിരഞ്ഞെടുപ്പുകളെ കുറിച്ചും 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പു സംബന്ധിച്ചും പി.ബി ചർച്ച ചെയ്യും.