
ന്യൂഡൽഹി: രണ്ട് വർഷത്തിനിടെ തങ്ങളുടെ നിർദ്ദേശം രാഹുൽ ഗാന്ധി 113 തവണ ലംഘിച്ചെന്ന് സി.ആർ.പി.എഫ്. ഭാരത് ജോഡോ യാത്രയുടെ ഡൽഹി പര്യടനത്തിൽ രാഹുലിനുള്ള സുരക്ഷയിൽ വീഴ്ചയുണ്ടായെന്ന് കാണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കോൺഗ്രസ് കത്ത് നൽകിയിരുന്നു. തുടർന്ന് സി.ആർ.പി.എഫ് ആഭ്യന്തര മന്ത്രാലയത്തിന് നൽകിയ വിശദീകരണത്തിലാണ് രാഹുലിനെതിരായ ആരോപണമുള്ളത്.
2020 മുതൽ നടന്ന സുരക്ഷാലംഘനങ്ങൾ പല തവണ രാഹുലിനെ അറിയിച്ചിട്ടുണ്ടെന്നും സി.ആർ.പി.എഫിന്റെ വിശദീകരണത്തിൽ വ്യക്തമാക്കി. സുരക്ഷാ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ച് രാഹുൽ ഗാന്ധിക്ക് പൂർണമായ സുരക്ഷ ഒരുക്കിയിരുന്നു. ഡൽഹിയിൽ സുരക്ഷാമാർഗനിർദ്ദേശങ്ങൾ ലംഘിച്ചത് രാഹുൽ ഗാന്ധിയാണ്. കോൺഗ്രസ് യാത്ര ഡൽഹിയിൽ പ്രവേശിക്കുന്നതിന് രണ്ട് ദിവസം മുമ്പ് 22ന് എല്ലാ സുരക്ഷ ഏജൻസികളുമായി ചേർന്ന് അഡ്വാൻസ് സെക്യൂരിറ്റി ലെയ്സൺ നടത്തിയതായും സി.ആർ.പി.എഫ് അറിയിച്ചു. എല്ലാ സുരക്ഷ മാർഗ നിർദ്ദേശങ്ങളും പാലിച്ച് സുരക്ഷ ഉദ്യോഗസ്ഥരെയും വിന്യസിച്ചു. സംസ്ഥാന പൊലീസ്, മറ്റ് സുരക്ഷ ഏജൻസികൾ എന്നിവരുമായി ഏകോപിപ്പിച്ച് ആവശ്യമായ ക്രമീകരണങ്ങളൊരുക്കിയതായും സി.ആർ.പി.എഫ് വിശദീകരിച്ചു.
ഡൽഹിയിൽ യാത്രക്കിടെ വലിയ സുരക്ഷ വീഴ്ചയുണ്ടായെന്നും ഇനി കടന്ന് പോകുന്ന പഞ്ചാബ്, കാശ്മീർ പ്രദേശങ്ങളിലടക്കം കനത്ത സുരക്ഷയൊരുക്കണമെന്നും ഇക്കാര്യത്തിൽ രാഷ്ട്രീയം കലർത്തരുതെന്നും ചൂണ്ടിക്കാട്ടിയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അമിത് ഷായ്ക്ക് കത്തയച്ചത്.
കോൺഗ്രസും ബി.ജെ.പിയും ഒന്നെന്ന് അഖിലേഷ്
ജനുവരി മൂന്നിന് ഉത്തർപ്രദേശിൽ പ്രവേശിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കില്ലെന്ന സൂചന നൽകി മുൻ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ്. ബി.ജെ.പിയും കോൺഗ്രസും ഒരു പോലെയാണ്. തന്റെ പാർട്ടിയുടെ പ്രത്യയശാസ്ത്രം കോൺഗ്രസിൽ നിന്ന് വ്യത്യസ്തമാണ്. യാത്രയിലേക്ക് തനിക്ക് ക്ഷണം ലഭിച്ചിട്ടില്ല. എന്നാൽ തന്റെ പാർട്ടിയുടെ വികാരം യാത്രയ്‌ക്കൊപ്പമാണെന്നും അഖിലേഷ് പറഞ്ഞു. അഖിലേഷിനും ബി.എസ്.പി നേതാവ് മായാവതിക്കും യാത്രയിൽ പങ്കെടുക്കാൻ ക്ഷണക്കത്തയച്ചെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഖിലേഷിന്റെ വെളിപ്പെടുത്തൽ.