
ന്യൂഡൽഹി:മറ്റ് സംസ്ഥാനങ്ങളിലേക്കോ ജില്ലകളിലേക്കോ കുടിയേറിയവർക്ക് സ്വന്തം മണ്ഡലത്തിൽ പോകാതെ അവിടത്തെ സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യാൻ പറ്റുന്ന റിമോട്ട് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവുമായി ( ആർ. വി. എം ) തിരഞ്ഞെടുപ്പു കമ്മിഷൻ. വോട്ടർമാർ താമസിക്കുന്ന സ്ഥലത്തെ ബൂത്തിൽ നിന്ന് 72 മണ്ഡലങ്ങളിൽ വോട്ട് ചെയ്യാവുന്ന യന്ത്രത്തിന്റെ പ്രോട്ടോടൈപ്പ് ആണ് വികസിപ്പിച്ചത്. നിലവിലുള്ള വോട്ടിംഗ് യന്ത്രം ഇതിനായി പരിഷ്‌കരിക്കുകയായിരുന്നു.
പുതിയ യന്ത്രം ഉപയോഗിച്ചുള്ള വിദൂര വോട്ടിംഗ് (റിമോട്ട് വോട്ടിംഗ് ) പരിചയപ്പെടുത്താൻ ജനുവരി 16ന് രാഷ്‌ട്രീയകക്ഷികളുടെ യോഗം തിരഞ്ഞെടുപ്പ് കമ്മിഷൻ വിളിച്ചു. കക്ഷികളുടെ അഭിപ്രായം ഡിസംബർ 31ന് മുൻപ് രേഖാമൂലം അറിയിക്കാനും ആവശ്യപ്പെട്ടു.
വിദ്യാഭ്യാസം, തൊഴിൽ, വിവാഹം തുടങ്ങിയ കാരണങ്ങളാൽ മറ്റിടങ്ങളിലേക്ക് കുടിയേറിയവർ വോട്ട് ചെയ്യാൻ വിമുഖത കാട്ടുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് വിദൂര വോട്ടിംഗ് രീതി പരിഷ്‌കരിക്കുന്നത്.
എട്ട് ദേശീയ പാർട്ടികൾക്കും 57 സംസ്ഥാന പാർട്ടികൾക്കുമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ക്ഷണം ലഭിച്ചത്. സംശയങ്ങൾ ദൂരീകരിക്കാൻ സാങ്കേതിക വിദഗ്ദ്ധരും പങ്കെടുക്കും.
2019 ലെ പൊതുതിരഞ്ഞെടുപ്പിൽ പോളിംഗ് 67.4ശതമാനമായിരുന്നു. 30 കോടിയിലേറെ വോട്ടർമാർ വോട്ടവകാശം വിനിയോഗിച്ചില്ല.
വെല്ലുവിളികൾ:
രാഷ്‌ട്രീയ കക്ഷികളുടെ സമ്മതം ലഭിച്ചാലും പരിഷ്‌കാരം നടപ്പാക്കാൻ നിയമഭേദഗതി അനിവാര്യം.
അന്യസംസ്ഥാനങ്ങളിലും മറ്റ് ജില്ലകളിലുമുള്ള കുടിയേറ്റക്കാർക്ക് പുതിയ നിർവചനം.
ആൾമാറാട്ടം ഒഴിവാക്കൽ
വോട്ടിംഗിന്റെ രഹസ്യം ഉറപ്പാക്കൽ
പോളിംഗ് ഏജന്റുമാരെ ലഭ്യമാക്കൽ
വിദൂര പോളിംഗ് ബൂത്തുകളുടെ നിയന്ത്രണം, പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമനം, ബൂത്തുകൾ കണ്ടെത്തൽ,