p

ന്യൂഡൽഹി:2021 - 22 വർഷത്തിൽ ഇലക്ടറൽ ട്രസ്റ്റിലൂടെ രാഷ്ട്രീയ പാർട്ടികൾക്ക് നൽകിയ സംഭാവനയുടെ 72.17 ശതമാനവും ലഭിച്ചത് ബി.ജെ.പിക്ക്. കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന സ്വീകരിക്കാനായി ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സംഘടനയാണ് ഇലക്ട്റൽ ട്രസ്റ്റ്.

കോൺഗ്രസിന് ലഭിച്ച ഫണ്ട് ടി.ആർ.എസ്, സമാജ് വാദി പാർട്ടി, എ.എ.പി, വൈ.എസ്.ആർ കോൺഗ്രസ് എന്നീ സംഘടനകളെക്കാൾ കുറവാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. കോൺഗ്രസിനേക്കാൾ 19 മടങ്ങ് അധിക ഫണ്ടാണ് ബി.ജെ.പിക്ക് ലഭിച്ചത്. ബി.ജെ.പിക്ക് 351.50 കോടി രൂപ ലഭിച്ചപ്പോൾ കോൺഗ്രസിന് 18.44 കോടിയും ടി.ആർ.എസിന് 40 കോടിയും എസ്.പിക്ക് 27 കോടിയും എ.എ.പിക്ക് 21.12 കോടിയും വൈ.എസ്.ആർ കോൺഗ്രസിന് 20 കോടിയുമാണ് ലഭിച്ചത്. ശിരോമണി അകാലിദളിന് ഏഴ് കോടി ലഭിച്ചപ്പോൾ പഞ്ചാബ് ലോക് കോൺഗ്രസിന് ഒരു കോടി ലഭിച്ചു.