
ന്യൂഡൽഹി:ഉയർന്ന ശമ്പളത്തിന് ആനുപാതികമായി കൂടിയ പെൻഷൻ നൽകണമെന്ന സുപ്രീംകോടതിയുടെ നവംബറിലെ ഉത്തരവ് നടപ്പാക്കാനുള്ള നടപടികൾക്ക് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ) തുടക്കമിട്ടു.
ഇ.പി.എഫ് പെൻഷനുള്ള ഉയർന്ന ശമ്പളപരിധി 5,000 - 6,500 രൂപയ ആയിരുന്നപ്പോൾ കൂടുതലുള്ള ശമ്പളത്തിന് ആനുപാതികമായി പെൻഷൻ ലഭിക്കാനുള്ള അപേക്ഷകൾ കട്ട്ഒാഫ് തീയതിയുടെപേരിൽ നിരസിക്കപ്പെട്ടവർക്കാണ് ഉത്തരവ് ബാധകം. മറ്റ് വിഭാഗക്കാർക്കായി വേറെ ഉത്തരവിറക്കും.
കട്ട്ഒാഫ് തിയതി വച്ച് അപേക്ഷകൾ നിരസിക്കരുതെന്ന 2016ലെ ആർ.സി.ഗുപ്‌തകേസ് വിധി പ്രകാരം പെൻഷൻകാർക്ക് എട്ടാഴ്‌ചയ്‌ക്കുള്ളിൽ അവസരം നൽകണമെന്ന് സുപ്രീം കോടതി നവംബർ നാലിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരമാണ് ഇ.പി.എഫ്.ഒ ഉത്തരവിറക്കിയത്. ഇതുപ്രകാരം അർഹരായ പെൻഷൻകാർ പൂരിപ്പിച്ച അപേക്ഷാ ഫോമിൽ നിർദ്ദിഷ്ട രേഖകൾ സഹിതം ഇ.പി.എഫ്.ഒയ്‌ക്ക് അപേക്ഷിക്കണം. സമർപ്പിക്കേണ്ട രേഖകൾ: തൊഴിലുടമയുമായി ചേർന്ന് ഒാപ്‌ഷൻ നൽകിയതിന്റെ രേഖ, 5,000/6,500 രൂപയിൽ കൂടുതലുള്ള ഉയർന്ന വേതനത്തിൽ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടിൽ പണം അയച്ചതിന്റെ തെളിവ്, ഒാപ്‌ഷൻ ഇ.പി.എഫ്.ഒ നിരസിച്ചതിന്റെ തെളിവ്.
ഓരോ അപേക്ഷയും ഒാൺലൈനിൽ രജിസ്റ്റർ ചെയ്‌ത് അപേക്ഷകന് രസീത് നമ്പർ നൽകും.