modi

ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാ ബെൻ മോദി (99) ഓർമ്മയായി. അഹമ്മദാബാദിലെ യു.എൻ മേത്ത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോളജി ആൻഡ് റിസർച്ച് സെന്ററിൽ ഇന്നലെ പുലർച്ചെ 3.39 നായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടർന്ന് ബുധനാഴ്ച്ച പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇന്നലെ രാവിലെ 11 മണിയോടെ ഗാന്ധിനഗറിലെ ഹിന്ദു ശ്‌മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. രാമമന്ത്രങ്ങൾ മുഴങ്ങിയ അന്തരീക്ഷത്തിൽ പ്രധാനമന്ത്രി മോദി, മൂത്ത സഹോദരൻ സോമ മോദി എന്നിവർ ചേർന്ന് ചിതയ്ക്ക് തീ കൊളുത്തി. കൂപ്പുകൈകളോടെ പ്രധാനമന്ത്രി അമ്മയ്ക്ക് വിട പറയുന്ന രംഗം വൈകാരികമായി. ഇളയ സഹോദരൻ പങ്കജ് മോദിയുടെ വസതിയിൽ നിന്ന് ശ്‌മശാനത്തിലേക്ക് മോദി അമ്മയുടെ ശവമഞ്ചം ചുമന്നു.

1922 ജൂൺ 18 ന് ഗുജറാത്തിലെ മെഹ്സാനയിലാണ് ഹീരാ ബെൻ ജനിച്ചത്. ചെറുപ്പത്തിലേ ചായ വില്പനക്കാരനായ ദാമോദർ ദാസ് മൂൽചന്ദ് മോദിയെ വിവാഹം കഴിച്ചു. സോമ മോദി, പ്രഹ്ലാദ് മോദി, നരേന്ദ്ര മോദി, അമൃത് മോദി, പങ്കജ് മോദി, വാസന്തി ബെൻ എന്നിവർ മക്കളാണ്.

ഹീരാബെന്നിന്റെ ആരോഗ്യം മെച്ചപ്പെട്ടതായി വ്യാഴാഴ്ച്ച രാത്രി ഡി.എം.ഒ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.ഇന്നലെ പുലർച്ചെയോടെ ആരോഗ്യനില വീണ്ടും വഷളാകുകയും 3:39 ന് അന്ത്യം സംഭവിക്കുകയുമായിരുന്നു. ബുധനാഴ്ച ആശുപത്രിയിൽ എത്തി മോദി അമ്മയെ കണ്ടിരുന്നു.

ഇനി വിഷ്ണു പാദങ്ങളിലെന്ന് മോദി

ഗാന്ധിനഗറിൽ സഹോദരൻ പങ്കജ് മോദിയുടെ വസതിയിൽ എത്തിയാണ് മോദി അമ്മയ്ക്ക് അന്തിമോപചാരം അർപ്പിച്ചത്. മഹത്തായ ഒരു നൂറ്റാണ്ട് ഇനി ദൈവത്തിന്റെ പാദങ്ങളിൽ കുടികൊള്ളുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. സന്യാസിനിയുടെ യാത്രയും കർമ്മയോഗിയുടെ പ്രതീകവും മൂല്യങ്ങളോട് പ്രതിബദ്ധതയുള്ള ജീവിതവും സമന്വയിക്കുന്ന സാന്നിദ്ധ്യമാണ് അമ്മ. നൂറാം ജന്മദിനത്തിൽ കണ്ടപ്പോൾ, അമ്മ തന്നോട് പറഞ്ഞത് ബുദ്ധിയോടെ പ്രവർത്തിക്കുക, വിശുദ്ധിയോടെ ജീവിക്കുക എന്നായിരുന്നു.