ghulam-nabi

ന്യൂഡൽഹി: ജമ്മുകാശ്‌മീർ മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ഗുലാം നബി ആസാദിനെ പാർട്ടിയിൽ തിരിച്ചെത്തിക്കാനുള്ള നീക്കം കോൺഗ്രസിൽ സജീവം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ജമ്മുകാശ്‌മീരിലെത്തുമ്പോൾ ഗുലാംനബിയെ പങ്കെടുപ്പിക്കാനാണ് ശ്രമം. രാഹുലിനെ രൂക്ഷമായി വിമർശിച്ച ശേഷം ആഗസ്റ്റ് 26നാണ് ഗുലാംനബി 52 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചത്. തുടർന്ന് ഒക്ടോബറിൽ 'ഡെമോക്രാറ്റിക് ആസാദ് പാർട്ടി"യും രൂപീകരിച്ചിരുന്നു.
ഗുജറാത്ത്, ഹിമാചൽ പ്രദേശ് തിരഞ്ഞെടുപ്പിലെ കോൺഗ്രസ് അനുകൂല പ്രസ്‌താവനകളാണ് ഗുലാം നബിയെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് വഴി തെളിച്ചത്. കോൺഗ്രസിനേ ബി.ജെ.പിയെ എതിർക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞിരുന്നു. കോൺഗ്രസിന്റെ നയങ്ങളോട് തനിക്ക് എതിർപ്പില്ലെന്നും ദുർബലമായ സംഘടനാസംവിധാനമാണ് പാർട്ടിവിടാൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു. തുടർന്ന് ഗുലാംനബിയെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ കൺവീനർ ദിഗ്‌വിജയ്സിംഗ് പരസ്യമായി ക്ഷണിക്കുകയും ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്ര ജമ്മുകാശ്‌മീരിൽ അവസാനിക്കുമ്പോൾ പരമാവധി നേതാക്കളെ പങ്കെടുപ്പിക്കാനും നേതൃത്വം ശ്രമിക്കുന്നുണ്ട്. ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്ദുള്ള, ഒമർ അബ്ദുള്ള, മെഹബൂബ മുഫ്തി തുടങ്ങിയവർ ക്ഷണം സ്വീകരിച്ചിരുന്നു. ഗുലാം നബിയെയും യാത്രയിൽ ഉൾപ്പെടുത്താൻ കഴിഞ്ഞാൽ വലിയ വിജയമാകുമെന്നാണ് നേതൃത്വം കരുതുന്നത്.

 അനുനയിപ്പിക്കാൻ ജി 23യും

നേതൃത്വത്തെ വിമർശിച്ച ജി 23 നേതാക്കളായ അഖിലേഷ് പ്രസാദ് സിംഗും ഭൂപീന്ദർ സിംഗ് ഹൂഡയും ഗുലാം നബിയുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചന. തുടർന്ന് പാർട്ടിയിലേക്ക് മടങ്ങിവരാൻ അദ്ദേഹത്തെ നിർബന്ധിച്ചു. അഖിലേഷ് പ്രസാദ് സിംഗിനെ ബിഹാർ കോൺഗ്രസ് അദ്ധ്യക്ഷനാക്കിയും ഭൂപീന്ദർ സിംഗ് ഹൂഡയെ ഹരിയാനയിലെ ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചും കോൺഗ്രസ് ഹൈക്കമാൻഡ് വിശ്വാസത്തിലെടുത്തിരുന്നു. ഗുലാംനബിയുമായി അടുപ്പവുമുള്ള ഗാന്ധി കുടുംബത്തിന്റെ വിശ്വസ്‌ത അംബികാ സോണിയും ചർച്ചകളിൽ സജീവമാണ്. ജോഡോ യാത്രയിൽ ചേരാനും രാഹുലുമായി സംസാരിച്ച് ഭിന്നത പരിഹരിക്കാനും അംബിക നിർദ്ദേശിച്ചെന്നാണ് വിവരം.

ഗുലാം നബിക്കൊപ്പം പോയ മുൻ ഉപമുഖ്യമന്ത്രി താരാചന്ദുൾപ്പെടെ നിരവധി നേതാക്കൾ അടുത്തിടെ തിരിച്ചെത്തി. ഇതിന്റെ തുടർച്ചയായാണ് ഗുലാം നബിയുമായുള്ള അനുരഞ്ജന ചർച്ച. രാഹുലിനെതിരായ ആരോപണങ്ങൾ വേദനിപ്പിച്ചെങ്കിലും അതു മറന്ന് ഗുലാം നബിയെ സ്വീകരിക്കാൻ ഗാന്ധി കുടുംബവും തയ്യാറാണ്.

'കോൺഗ്രസിലേക്ക് മടങ്ങാൻ ഒരു നീക്കവുമില്ല. പഴയ പാർട്ടിയിലേക്ക് മടങ്ങിവരുമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ കോൺഗ്രസിലെ ചില നിക്ഷിപ്ത നേതാക്കളാണ് നട്ടുപിടിപ്പിച്ചത്. ഞാൻ ഒരു കോൺഗ്രസ് നേതാവിനോടും സംസാരിച്ചിട്ടില്ല. ആരും എന്നെ വിളിച്ചിട്ടുമില്ല. എനിക്ക് പറയാനുള്ളത് രാജിക്കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്".

- ഗുലാംനബി അസാദ്