
ന്യൂഡൽഹി:യൗവനത്തിന് മുന്നെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ച ഹീരാ ബെൻ എന്ന തന്റെ അമ്മ കൊടിയ ദാരിദ്ര്യത്തിലും മക്കളെ വളർത്തിയത് വലിയ പോരാട്ടമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമ്മയും ഗുരുവും എല്ലാമായി കണ്ടു. അമ്മയ്ക്ക് കുട്ടിക്കാലം അധികമുണ്ടായിരുന്നില്ല. ജീവിതത്തിലെ പ്രതിസന്ധികൾ മൂലം പ്രായത്തിനപ്പുറം വളരാൻ നിർബ്ബന്ധിതയായി. ചെറിയ പ്രായത്തിൽ സ്വന്തം അമ്മയെ നഷ്ടമായി. കുടുംബം പോറ്റാൻ വീടുകളിൽ പാത്രം കഴുകാൻ പോകാറുണ്ടായിരുന്നു. മേൽക്കൂര ചോരുന്ന വീട്ടിലാണ് അമ്മ ഞങ്ങളെ വളർത്തിയത്. ഞാൻ ഇത്ര വലുതായിട്ടും വീട്ടിൽ ചെന്നാൽ മധുര പലഹാരമുണ്ടാക്കി കഴിപ്പിച്ച ശേഷം തൂവാലയെടുത്ത് മുഖം തുടച്ചു തരും - അമ്മയുടെ നൂറാം ജന്മദിനത്തിൽ മോദി വ്യക്തമാക്കി.
ഏകതായാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ അഹമ്മദാബാദിൽ പൊതു ചടങ്ങിൽ അമ്മ എന്റെ നെറ്റിയിൽ തിലകം ചാർത്തി. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ആദ്യ സത്യപ്രതിജ്ഞാ ചടങ്ങിലും പങ്കെടുത്തു. ഒരിക്കൽ മാത്രമാണ് അമ്മ ഡൽഹിയിലെ തന്റെ ഔദ്യോഗിക വസതിയിലെത്തിയത്.
ശുചിത്വം, മറ്റുള്ളവരുടെ സന്തോഷം, കർത്തവ്യ ബോധം, ലളിത ജീവിതം, ഓർമ്മശക്തി, ദൈവഭയം, സേവനമനോഭാവം ഇതൊക്കെ അമ്മ പകർന്ന ജീവിതമൂല്യങ്ങളാണ്. അമ്മ സ്വർണ്ണാഭരണങ്ങൾ ധരിച്ചിട്ടില്ല. മക്കളുടെ ഫീസ് അടയ്‌ക്കാൻ കഷ്ടപ്പെട്ടു. അപ്പോഴും മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതിൽ വിട്ടുവീഴ്ച്ച ഇല്ലായിരുന്നു. ഒറ്റ ജോഡി യൂണിഫോം കീറിയാലും ഉപേക്ഷിക്കാൻ സമ്മതിക്കാതെ തുന്നിച്ചേർത്ത് സ്കൂളിൽ പോയിട്ടുണ്ട്.
എന്നും അനുഗ്രഹം
എല്ലാ തിരഞ്ഞെടുപ്പുകൾക്കും മുമ്പ് അമ്മയുടെ അനുഗ്രഹം തേടി. 2015 ൽ യു.എസ് സന്ദർശന വേളയിൽ ഫെയ്സ്ബുക്ക് ആസ്ഥാനം സന്ദർശിക്കുന്നതിനിടെ അമ്മയെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി വികാരധീനനായിരുന്നു. ഒടുവിലെ ജന്മദിനത്തിൽ സുരക്ഷാ സന്നാഹങ്ങളൊന്നുമില്ലാതെ അമ്മയ്ക്കരികിലെത്തി പാദപൂജ നടത്തി. കഠിനാദ്ധ്വാനവും ചിട്ടയായ ജീവിതവുമാണ് അമ്മയുടെ ആരോഗ്യത്തിന്റെ രഹസ്യം. വാർദ്ധക്യത്തിലും അമ്മ വീടിനടുത്തുള്ള കിണറിൽ നിന്ന് വെള്ളം കോരും. പടികൾ കയറും. ക്ഷേത്രത്തിൽ പോകും. പ്രധാന മന്ത്രിയുടെ അമ്മയാണെങ്കിലും പൊതുഗതാഗത സൗകര്യങ്ങളാണ് ഉപയോഗിച്ചത്. പുറത്ത് നിന്ന് ഭക്ഷണം കഴിക്കാറില്ല. വീട്ടിലുണ്ടാക്കുന്ന റൊട്ടിയാണ് പ്രിയപ്പെട്ട ഭക്ഷണം. പുറത്ത് നിന്ന് കഴിക്കുന്ന പ്രിയപ്പെട്ട ഒന്ന് ഐസ്ക്രീം ആണ് - മോദി പറയുന്നു.