central-vista

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരമായ സെൻട്രൽ വിസ്‌തയുടെ ഉദ്ഘാടനം അടുത്തവർഷം മാർച്ചിൽ നടത്തിയേക്കും. നിർമ്മാണം ഫെബ്രുവരിയിൽ പൂർത്തിയാക്കാനും ബഡ്‌ജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഭാഗം പുതിയ മന്ദിരത്തിൽ നടത്താനുമാണ് നീക്കം.


മന്ദിരത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്നും ഫെബ്രുവരിയോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറഞ്ഞു.

രണ്ടുഘട്ടമായി നടക്കുന്ന ബഡ്‌ജറ്റ് സമ്മേളനം ജനുവരി 30ന് തുടങ്ങും. ഫെബ്രുവരി ആദ്യവാരം പിരിയുന്ന സഭ മാർച്ചിൽ വീണ്ടും സമ്മേളിക്കുന്നതാണ് പതിവ്.

കെട്ടിടത്തിന്റെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണെന്ന് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹർദീപ് സിംഗ് പുരി കഴിഞ്ഞ മാസം പറഞ്ഞിരുന്നു.

കേന്ദ്ര സർക്കാർ മന്ത്രാലയങ്ങളെ കോർത്തിണക്കുന്ന സെൻട്രൽ വിസ്‌ത വികസനത്തിന്റെ ഭാഗമാണ് പുതിയ പാർലമെന്റ് മന്ദിരം.

2020 ഡിസംബറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ട മന്ദിരം ഇക്കൊല്ലം പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടതെങ്കിലും കൊവിഡ് വ്യാപനം തടസമായി. ടാറ്റാ പ്രൊജക്‌ട്‌സ് ലിമിറ്റഡിനാണ് നിർമ്മാണച്ചുമതല. പുതിയ മന്ദിരം പ്രവർത്തനക്ഷമമാകുന്നതോടെ ബ്രിട്ടീഷ് കാലത്ത് നിർമ്മിച്ച പഴയ പാർലമെന്റ് കെട്ടിടം മ്യൂസിയമാക്കും.

സെൻട്രൽ വിസ്‌തയിലുള്ളത്

 ഇന്ത്യയുടെ ജനാധിപത്യ പൈതൃകം പ്രദർശിപ്പിക്കുന്ന ഭരണഘടനാഹാൾ

 പാർലമെന്റ് അംഗങ്ങൾക്കുള്ള വിശ്രമമുറി

 ലൈബ്രറി, ഒന്നിലധികം കമ്മിറ്റി മുറികൾ

 ഡൈനിംഗ് ഏരിയകൾ, വിശാലമായ പാർക്കിംഗ് സ്ഥലം