modi

ന്യൂഡൽഹി:ഗാന്ധിനഗർ സെക്ടർ 30 ലെ ഹിന്ദു ശ്‌മശാനത്തിൽ അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയ ശേഷം പ്രധാനമന്ത്രി നേരെ പോയത് ഗുജറാത്ത് രാജ്ഭവനിലേക്ക്. മുൻ നിശ്ചയിച്ച വീഡിയോ കോൺഫൻസിൽ പങ്കെടുക്കാൻ.

ഹൗറ - ജൽപായ്ഗുരി വന്ദേ ഭാരത് ട്രെയിൻ സർവ്വീസ് ഉൾപ്പെടെ 7,800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് കൊൽക്കത്തയിൽ പ്രധാനമന്ത്രി തുടക്കമിട്ടു. തനിക്ക് ദുഖകരമായ ദിവസമാണിന്നെന്ന് പറഞ്ഞ പ്രധാനമന്ത്രി ഇന്നത്തെ പരിപാടിയിൽ പങ്കെടുക്കാനാകാത്തതിൽ ഖേദവും അറിയിച്ചു. ഇന്ന് ബംഗാൾ ഭൂമികയെ വണങ്ങേണ്ട ദിവസമായിരുന്നു. വന്ദേമാതരമെന്ന് വിളിച്ച നാട് ഇന്ന് വന്ദേ ഭാരത് തീവണ്ടിയുടെ ഫ്ലാഗ് ഓഫിനും സാക്ഷിയായി. പ്രധാനമന്ത്രി പറഞ്ഞു.

നാല് റെയിൽവെ പദ്ധതികളും കൊൽക്കത്ത മെട്രോയുടെ പർപ്പിൾ പാതയിലെ ജോക്ക - താരാ തല റൂട്ടും പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു.

ബി.ജെ.പി നേതാക്കളാരും പരിപാടികൾ മാറ്റരുതെന്ന് മോദി നിർദേശിച്ചതായി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ശിവഗിരിയിൽ നടന്ന ചടങ്ങിൽ വ്യക്തമാക്കിയിരുന്നു.

അതേസമയം, വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ ഫ്ലാഗ് ഓഫ് ചടങ്ങിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ബി.ജെ.പി പ്രവർത്തകർ ജയ്ശ്രീറാം വിളിച്ചതിൽ പ്രതിഷേധിച്ച് വേദിയിൽ കയറിയില്ല. മുഖ്യമന്ത്രിയെ ഗവർണർ സി. വി ആനന്ദബോസും റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവും സമാധിനിപ്പിക്കാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രി വഴങ്ങിയില്ല. മുമ്പ് മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധ പരിപാടികളിൽ ജയ് ശ്രീറാം മുഴക്കിയിരുന്നു. കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവും ബി.ജെ.പി നേതാക്കളും ബി.ജെ.പി പ്രവർത്തകരുടെ ജയ് ശ്രീറാം വിളി നിർത്തിച്ചു. ഇത് സർക്കാർ പരിപാടിയാണെന്നും ബി.ജെ.പി പരിപാടിയല്ലെന്നും നേതാക്കൾ വ്യക്തമാക്കിയതോടെ അവർ ശാന്തരായി.

തുടർന്ന് ചടങ്ങിനെ അഭിസംബോധന ചെയ്യാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സാന്ത്വനിപ്പിക്കാനും മമത തയ്യാറായി. അങ്ങേയ്ക്ക് ദു:ഖകരമായ ദിവസമാണ് ഇന്ന്. ഈ ദുഃഖം സഹിക്കാൻ ദൈവം കരുത്ത് നൽകട്ടെ. അമ്മയുടെ വിയോഗത്തിൽ എങ്ങനെ സാന്ത്വനിപ്പിക്കണമെന്ന് എനിക്കറിയില്ല. അങ്ങയുടെ അമ്മ ഞങ്ങളുടെയും അമ്മയാണ്. എന്റെ അമ്മയെയും ഞാൻ ഓർക്കുകയാണ്. ഈ ദിനത്തിൽ ബംഗാളിലെത്താനും ചടങ്ങിൽ പങ്കെടുക്കാനും അങ്ങയ്ക്ക് സാധിച്ചില്ലെങ്കിലും ഓൺലൈനായി പങ്കെടുത്തതിന് നന്ദി പറയുന്നു - മമത ബാനർജി വ്യക്തമാക്കി.