
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീര ബെന്നിന്റെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രമുഖ നേതാക്കൾ. ഹീര ബെന്നിന്റെ വിയോഗത്തിൽ അതിയായ ദുഃഖമുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. അമ്മയുടെ മരണം നികത്താൻ കഴിയാത്ത വിടവാണെന്നും. പ്രധാനമന്ത്രിയെയും കുടുംബത്തെയും അനുശോചനമറിയിക്കുന്നുവെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ അമ്മയുടെ വിയോഗ വാർത്ത അങ്ങേയറ്റം ദുഃഖകരമാണെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു. ഈ ദുഷ്കരമായ സമയത്ത് അദ്ദേഹത്തിനും കുടുംബത്തിനും എന്റെ അനുശോചനവും സ്നേഹവും അറിയിക്കുന്നുവെന്നും രാഹുൽ പറഞ്ഞു. മഹാമനസ്കത, ലാളിത്യം, കഠിനാദ്ധ്വാനം, ഉന്നതജീവിത മൂല്യങ്ങൾ എന്നിവയുടെ പ്രതി രൂപയായിരുന്നു ഹീര ബെൻ എന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അനുസ്മരിച്ചു.
ഒരു മകനെ സംബന്ധിച്ചടത്തോളം അമ്മയാണ് ലോകം. അമ്മയുടെ മരണം ഒരു മകന് ഉൾക്കൊള്ളാനും നികത്താനുമാവാത്ത നഷ്ടമാണെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഹീര ബെൻ മോദിയുടെ നിര്യാണത്തിൽ അനുശോചിക്കുന്നതായി കേന്ദ്ര മന്ത്രി വി.മുരളീധരൻ പറഞ്ഞു. കോൺഗ്രസ് നേതാവ് ദ്വിഗ് വിജയസിംഗ്, പ്രിയങ്ക ഗാന്ധി, മുൻ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ കിരൺ റിജിജു, നിരവധി ലോക നേതാക്കൾ തുടങ്ങിയവരും അനുശോചിച്ചു.
വിരാമമായത് സമ്പൂർണ തപസ്വിയുടെ യാത്ര: ആർ.എസ്.എസ്
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മാതാവ് ഹീരാബെന്നിന്റെ നിര്യാണത്തിൽ ആർ.എസ്.എസ് അനുശോചിച്ചു. അമ്മയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായി ആർ.എസ്.എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവതും സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെയും സംയുക്ത സന്ദേശത്തിലൂടെ അറിയിച്ചു. ഹീരാ ബെന്നിന്റെ ദേഹവിയോഗത്തിലൂടെ സമ്പൂർണ തപസ്വിയുടെ ജീവിത യാത്രയ്ക്കാണ് വിരാമമായത്. പ്രയാസങ്ങളും കഷ്ടപ്പാടുകളും നിറഞ്ഞ കാലഘട്ടത്തിലും ജീവിതമൂല്യങ്ങളെ മുറുകെപിടിച്ചു ജീവിച്ച, ഭക്തിയുടെയും വിശ്വാസത്തിന്റെയും ബലത്തിൽ തന്റെ എല്ലാ കടമകളും നിർവഹിച്ചതിന്റെ ഉദാത്തമാതൃകയാണ് നരേന്ദ്രമോദിയുടെ അമ്മ. നരേന്ദ്രമോദിയ്ക്കും അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും വേദനയിൽ പങ്ക് ചേരുന്നു.