ആലുവ: ചെറുകിട വ്യാപാരികളെ പ്രതിസന്ധിയിലാക്കി സ്വകാര്യ സ്കൂൾ മാനേജ്മെന്റുകൾ സ്കൂളുകളിൽ നടത്തുന്ന അനധികൃത സ്കൂൾ വിപണി തടയണമെന്ന് കേരള റീട്ടെയിൽ ഫുട്‌വെയർ അസോസിയേഷൻ (കെ.ആർ.എഫ്.എ) ജില്ലാ ജനറൽ സെക്രട്ടറി നവാബ് കളമശേരി ആവശ്യപ്പെട്ടു.
സ്കൂളുകൾ കേന്ദ്രീകരിച്ച് സ്കൂൾബാഗ്, കുട, ചെരിപ്പുകൾ, നോട്ടുബുക്കുകൾ, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് എന്നിവ ഉൾപ്പെടെ വിൽക്കുകയാണ്. കച്ചവട ലൈസൻസ് പോലും എടുക്കാതെയും ജി.എസ്.ടി അടക്കാതെയുമാണ് സ്കൂൾ മാനേജ്മെന്റുകൾ ലാഭമുണ്ടാക്കുന്നത്. ഇത് അംഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ ജി.എസ്.ടി കമ്മീഷണറെ സമീപിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വഴിയോരക്കച്ചവടം തടയാൻ നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
അസോസിയേഷൻ ജില്ലാ സമ്മേളനം നാളെ രാവിലെ പത്തിന് ആലുവ ടൗൺഹാളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പ്രസിഡന്റ് ഹുസൈൻ കുന്നുകര അദ്ധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എംപി, അൻവർ സാദത്ത് എം.എൽ.എ, നഗരസഭ ചെയർമാർ എം.ഒ. ജോൺ, വ്യാപാരി സംഘടന ഭാരവാഹികളായ എ.ജെ. റിയാസ്, സി.കെ. ജലീൽ തുടങ്ങിയവർ പങ്കെടുക്കും. 500 പ്രതിനിധികൾ പങ്കെടുക്കും.
പ്രോഗ്രാം കൺവീനർ നിയാസ് ആലുവ, ജില്ലാ സെക്രട്ടറിമാരായ റഫീഖ് മുഹമ്മദ്, അഷറഫ് പുക്കാട്ടുപടി, നിഷാദ് ചേരാനല്ലൂർ, വൈസ് പ്രസിഡന്റ് നജീബ് മൂസാസേഠ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.