കളമശേരി: സൗത്ത് കളമശേരി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ ഡ്രൈവറായ
വട്ടേക്കുന്നം ഇടത്തൊട്ടിൽ പറമ്പിൽ വീട്ടിൽ ശിവൻ വേറിട്ടവഴികളിലൂടെ സഞ്ചരിക്കുന്നയാളാണ്. നിമിഷ കവിയാണ് ശിവൻ. മാത്രമല്ല, നടനും നാടകപ്രവർത്തകനും കഥാകൃത്തുംകൂടിയാണ് അദ്ദേഹം.
രചനകൾ
ഓട്ടോ യാത്രയ്ക്കിടെ കണ്ടുമുട്ടുന്ന ജീവിതങ്ങളെ കോർത്തിണക്കി കവിതയാക്കുകയാണ് ഈ ഓട്ടോറിക്ഷ തൊഴിലാളി. പെരിയാറിന്റെ ദു:ഖം, മുത്തശന്റെ വിലാപം, പെരിയാറിന്റെ രൗദ്രഭാവം, സ്നേഹതീർത്ഥം, കാത്തിരിപ്പ്, നീർമാതളപ്പൂക്കൾ, ജീവിത സ്വപ്നം, വീണ്ടും ഒരു വിഷുദിനം, മാതൃസ്നേഹം എന്നിങ്ങനെ നീളുന്നു ശിവന്റെ കവിതകൾ.
ഓട്ടോ കാഴ്ചകൾ എന്ന ചെറുകഥയും പുറത്തിറങ്ങിയിട്ടുണ്ട്.
ശിവൻ രചിച്ച കലാഭവൻ മണിയുടെ ഓർമ്മക്കായ് " മുത്തിലും മുത്തായ മണി ചേട്ടൻ" എന്ന സംഗീത ആൽബം ബാബു പള്ളാശേരിയാണ് സംവിധാനം ചെയ്തത്. ഗ്രാമീണ പശ്ചാത്തലത്തിലൂടെ കടന്നുപോകുന്ന യുവതീ യുവാക്കളുടെ കഥ പറയുന്ന സ്നേഹപ്പൂക്കൾ എന്ന ആൽബം എ.ആർ. രതീശനാണ് സംവിധാനം നിർവഹിച്ചത്. ക്ലിക്ക് കമ്മ്യൂണിക്കേഷന്റ കാവ്യമേള കവിതാ സമാഹാരത്തിൽ ജീവവായു എന്ന സൃഷ്ടിയും പ്രസിദ്ധീകരിച്ചു. സന്തുഷ്ട കുടുംബം ടെലിഫിലിമിലും ശിവന്റെ ഗാനങ്ങളാണ്. കൊച്ചി എഫ്.എം റേഡിയോയിൽ സാഹിത്യ വേദി, സാഹിത്യ സുരഭി പരിപാടികളിൽ കവിതകളും ശിവൻ അവതരിപ്പിച്ചിരുന്നു. സ്വകാര്യ ചാനലുകളിലെ പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്. നാടകങ്ങളിലെ കഥാപാത്രങ്ങൾക്കു പുറമെ 10 ഓളം സിനിമകളിൽ മിന്നി മറയുന്ന വേഷങ്ങളും ശിവൻ ചെയ്തു.
ഭാര്യ ലീലയും മകൻ അനുനാഥും പരിപൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്. 2013 ലെ ഭാരതീയ ദളിത് സാഹിത്യ അക്കാഡമിയുടെ ഡോ.അംബേദ്കറുടെ പേരിലുള്ള ദേശീയ അവാർഡ് , കലാകാരന്മാരുടെ സംഘടനയായ നന്മയുടെ അവാർഡ് എന്നിവ ശിവനെ തേടിയെത്തിയിരുന്നു.