ഫോർട്ടുകൊച്ചി: താലൂക്ക് ആശുപത്രിയിലെ പോസ്റ്റ്മോർട്ടം നടത്തുന്ന സ്ഥലം പാർക്കിംഗ് ഏരിയ ആയി മാറി. പൂട്ടിക്കിടന്നിരുന്ന പഴക്കമേറിയ പോസ്റ്റ്മോർട്ടം മുറികൾ അടുത്തകാലത്ത് ലക്ഷങ്ങൾ മുടക്കി പുതുക്കി പണിതെങ്കിലും ഉപയോഗശൂന്യമായി കിടക്കുകയാണ് .
മുൻ കൗൺസിലറുടെ സമയത്ത് ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രിയുടെ പുറകുവശം കാണുന്ന സ്ഥലത്ത് ആധുനിക ടെക്നോളജിയോട് കൂടി എല്ലാവിധ സംവിധാനങ്ങളും ഉള്ള പോസ്റ്റ്മോർട്ടം മുറികൾ നിർമിക്കാനും നിലവിലുള്ള പോസ്റ്റ്മോർട്ടം മുറികൾ ഡിജിറ്റൽ ലൈബ്രറിയാക്കാനും ശ്രമം നടത്തിയിരുന്നു. എന്നാൽ ഇന്ന് ഈ ഭാഗം തരിശ് ഭൂമിയായി കിടക്കുകയാണ്. അതിനാൽ മത്സ്യവാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങളുടെ പാർക്കിംഗ് ഏരിയയായി മാറി. കൊച്ചിൻ കോർപ്പറേഷന്റെ കീഴിലുള്ള ഈ സ്ഥലത്ത് സമീപത്തെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമായ രീതിയിൽ നല്ലൊരു ലൈബ്രറി വരണമെന്ന് പൊതുപ്രവർത്തകനായ കെ .എ .മുജീബ് റഹ്മാൻ ആവശ്യപ്പെട്ടു. ഇവിടെ മീൻ വണ്ടികൾ ഉൾപ്പടെ പാർക്ക് ചെയ്യുന്നതിനാൽ ദുർഗന്ധം മൂലം വഴി യാത്രക്കാർക്ക് നടക്കാൻ പറ്റാത്ത സ്ഥിതിയാണെന്ന് നാട്ടുകാർ പറയുന്നു.