അങ്കമാലി: കേന്ദ്ര സംഗീതനാടക അക്കാഡമിയുടെ യുവപ്രതിഭയ്ക്കുള്ള ബിസ്മില്ലാ ഖാൻ അവാർഡിന് കർണാടക സംഗീതജ്ഞൻ കെ.എസ്. വിഷ്ണു ദേവ് അർഹനായി. ഈ അംഗീകാരം ലഭിക്കുന്ന ആദ്യമലയാളിയാണ്. കറുകുറ്റിയിലെ കാരണത്ത് കെ.ജി.ശശി-ചന്ദ്രലേഖ ദമ്പതികളുടെ മകനും പ്രശസ്തകവി കെ.പി.ജി നമ്പൂതിരിയുടെ പൗത്രനുമാണ്. അമേരിക്കയിലെ സോഫ്റ്റ് വെയർ എൻജിനിയർ ജോലി ഉപേക്ഷിച്ച് പൂർണമായും സംഗീതസപര്യ തുടങ്ങിയ വിഷ്ണു നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും സ്വന്തമാക്കി. ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റായ വിഷ്ണു സംഗീതജ്ഞയായ ഭാര്യ ലക്ഷ്മിയോടൊത്ത് ലോകസംഗീത ദിനത്തിൽ പ്രകാശിപ്പിച്ച 'വിഴി' എന്ന മ്യൂസിക് ആൽബം പ്രമേയത്തിലും അവതരണത്തിലും ഏറെ ആസ്വാദകശ്രദ്ധ നേടിയിട്ടുണ്ട്.