കൊച്ചി: നഗരത്തിലെ ഗതാഗത സംവിധാനങ്ങളെ കൂട്ടിയിണക്കുന്ന കണ്ണിയായി പുതിയ ഷെയർ ഓട്ടോകൾ എത്തും. ഇതിന്റെ പ്രാഥമിക ചർച്ചകൾ ആരംഭിച്ചു. പൊതുഗതാഗത സംവിധാനങ്ങളില്ലാത്ത സ്ഥലങ്ങളുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളെ ബന്ധിപ്പിക്കുകയാണ് ഷെയർ ഓട്ടോ പദ്ധതിയുടെ ലക്ഷ്യം. കുറഞ്ഞ ചെലവിൽ യാത്രക്കാർക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാൻ ഇതിലൂടെ സാധിക്കും. മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റിക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്ക് എറണാകുളം റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി അനുമതി നൽകി. പദ്ധതിയുടെ കാര്യങ്ങൾ വിശദമായി പഠിക്കാൻ ആർ.ടി.എ സെക്രട്ടറിയായ എറണാകുളം ആർ.ടി.ഒ ജി. അനന്തകൃഷ്ണനാണ് ചുമതല. മുമ്പുണ്ടായിരുന്ന ഷെയർ ഓട്ടോ പദ്ധതിക്ക് അനുമതി ഉണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തൽ. കൂടാതെ നിലവിലുള്ള പൊതുഗതാഗത സംവിധാനങ്ങൾക്ക് വെല്ലുവിളിയാകാതെ ഇവയുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഷെയർ ഓട്ടോ പദ്ധതി നടപ്പിലാക്കേണ്ടത്. ഏതൊക്കെ സ്ഥലങ്ങളിൽ പദ്ധതി നടപ്പിലാക്കണം, യാത്ര നിരക്ക് എത്ര, എത്ര പേർക്ക് യാത്ര ചെയ്യാം എന്നുള്ള കാര്യങ്ങൾ വിവിധ തലങ്ങളിൽ ചർച്ച ചെയ്ത് തീരുമാനിക്കും. പദ്ധതി ആരംഭിച്ച ശേഷം ഭാവിയിൽ വൺ കാർഡ് പദ്ധിയെക്കുറിച്ചും ആലോചിക്കും. വൺ കാർഡ് ഉപയോഗിച്ച് കുറഞ്ഞ ചെലവിൽ ഓട്ടോ, മെട്രോ, ബസ് എന്നിവിയിൽ യാത്ര ചെയ്യാൻ സാധിക്കും. പദ്ധതി നടപ്പിലാകുന്നതോടുകൂടി നഗരത്തിലെ കെ.എസ്.ആർ.ടി.സി സ്റ്രാന്റ്, റെയിൽവേ സ്റ്റേഷൻ, മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിൽ കുറഞ്ഞ ചെലവിൽ ഇനി എത്തിച്ചേരാൻ സാധിക്കും.
ഇല്ലാതായ ഷെയർ ഓട്ടോകൾ
നഗരത്തിൽ 2019 മുതൽ സർവീസ് ആരംഭിച്ച ഷെയർ ഓട്ടോ നിന്നുപോയിട്ട് വർഷങ്ങൾ പിന്നിട്ടു.
2018ൽ സർക്കാർ പിന്തുണയോടെ വിഭാവനം ചെയ്ത പദ്ധതിയിലേക്ക് 2019 ഓടെ വൈദ്യുത ഓട്ടോറിക്ഷകൾ നൽകിയത് സ്വകാര്യ കമ്പനിയായിരുന്നു. ഘട്ടങ്ങളായി 100 ഓട്ടോറിക്ഷകൾ എത്തിക്കാനായിരുന്നു പദ്ധതി. വാഹനങ്ങൾ മെട്രോ സ്‌റ്റേഷനുകളിൽ നിന്ന് സർവീസ് നടത്താൻ കെ.എം.ആർ.എൽ ലൈസൻസ് നൽകിയിരുന്നു.
2019ൽ 16 ഓട്ടോറിക്ഷകളാണ് പരീക്ഷണാടിസ്ഥാനത്തിൽ എത്തിയത്. ഡ്രൈവർമാരെ നൽകിയത് എറണാകുളം ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്‌സ് സഹകരണ സംഘമായിരുന്നു. പാലാരിവട്ടത്തും ടൗൺഹാൾ പരിസരത്തും എം.ജി റോഡിലുമായിരുന്നു ചാർജിംഗ് സംവിധാനങ്ങൾ. എന്നാൽ ഈ ഓട്ടോകൾ കൊവിഡ് വന്നതോടെ നശിച്ചു. സ്പെയർപാർട്സ് ലഭ്യമാകാതായതോടെ ഓട്ടോ നൽകിയ കമ്പനി തിരികെ എടുക്കുകയായിരുന്നു.
...........................
നഗരത്തിൽ ആരംഭിച്ച ഷെയർ ഓട്ടോ പദ്ധതി കുഴപ്പമില്ലാത്ത ലാഭത്തിലായിരുന്നു. എന്നാൽ അടിക്കടി ഉണ്ടാകുന്ന തകരാറുകളും ഇത് പരിഹരിക്കുന്നതിനുള്ള സ്പെയർപാർട്സുകൾ വാങ്ങുന്നതും ഡ‌്രൈവർമാർക്ക് തലവേദനയായി. ഇവ നശിക്കാൻ തുടങ്ങിയതോടെയാണ് സ്വകാര്യ കമ്പനി ഇവ തിരിച്ചെടുത്തത്.
സി.പി. കമലാസനൻ,
എറണാകുളം ഏരിയ സെക്രട്ടറി
ജില്ലാ ഓട്ടോറിക്ഷ ഡ്രൈവേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു)