c
സാമൂഹ്യവി​രുദ്ധരുടെ ശല്യമൊഴി​വാക്കാൻ ബസ് സ്റ്റാൻഡി​ന് സമീപമുള്ള ഒരു കെട്ടി​ടത്തി​ന്റെ താഴെയുള്ള ഭാഗം ഇരുമ്പുവേലികെട്ടി മറച്ചിരിക്കുന്നു

കുറുപ്പംപടി: കുറുപ്പംപടി ബസ് സ്റ്റാൻഡും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് ലഹരിവിപണനം വൻതോതിൽ വ്യാപിക്കുന്നതായി പരാതി. ലഹരിമാഫിയകൾ ഇവിടെ തഴച്ചുവളരുകയാണ്. വിദ്യാർത്ഥികളെ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇവർ വെയിറ്റിംഗ് ഷെഡുകളിലും ഇടവഴികളിലുമാണ് തമ്പടിക്കുന്നത്. യാത്രക്കാർ ഭീതിയോടെയാണ് ബസ് സ്റ്റാൻഡിൽ വന്നുപോകുന്നത്. കുറുപ്പംപടി പൊലീസ് സ്റ്റേഷന്റെ മൂക്കിനുതുമ്പിൽ നിൽക്കുന്ന സ്റ്റാൻഡ് പരിസരത്താണ് ഇത്തരക്കാർ വിളയാടുന്നതെന്നതാണ് വസ്തുത.

വൻകിട മാഫിയ തലവന്മാരുടെ ഒത്താശയോടെയാണ് ലഹരി മാഫിയാസംഘം അഴിഞ്ഞാടുന്നത്. സമീപപ്രദേശങ്ങളിലെ സ്കൂളുകൾ, കോളേജുകൾ, കല്ലിൽ, കോട്ടപ്പടി, കോതമംഗലം പെരുമ്പാവൂർ തുടങ്ങി വിവിധ കോളേജുകളിലും സ്കൂളിലും പഠിക്കുന്ന ആയിരക്കണക്കിന് വിദ്യാർത്ഥി വിദ്യാർത്ഥിനികളാണ് ദിനംപ്രതി കുറുപ്പംപടി ബസ് സ്റ്റാൻഡിലൂടെ കടന്നുപോകുന്നത്. ഇവർക്കിടയിൽത്തന്നെയുള്ള ചിലരാണ് ഇത്തരം മാഫിയാ സംഘത്തിന്റെ കണ്ണികളായി വിപണനം നടത്തുന്നതെന്നാണ് ആരോപണം. പൊലീസ് ഇത്തരക്കാർക്കെതിരെ നടപടിയൊന്നുമെടുക്കാതെ പോവുകയാണെന്ന് നാട്ടുകാർ പറയുന്നു.

ലഹരി മാഫിയക്കെതിരെ പൊലീസും എക്സൈസും കർശന നടപടി സ്വീകരിക്കണമെന്നും ബസ് സ്റ്റാൻഡിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കണമെന്നുമാണ് ആവശ്യം. അതുകൂടാതെ പരിസരപ്രദേശങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നും ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.

പൊലീസ് കാര്യക്ഷമമായി പ്രവർത്തിച്ചാൽ ഇത്തരം മാഫിയാ സംഘങ്ങൾ തഴച്ചുവളരുന്നത് തടയാനാകും.

സുശീല, യാത്രക്കാരി

സ്കൂൾ കുട്ടികൾക്ക് കൗൺസലിംഗും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകളും നടത്തുന്നുണ്ട്. വിദ്യാർത്ഥികളിൽ ലഹരിയുടെ ഉപയോഗം കണ്ടെത്താൻ സാധിച്ചിട്ടില്ല. അത്തരക്കാരെ കണ്ടെത്തിയാൽ ചൈൽഡ് സമിതിയുടെ നേതൃത്വത്തിൽ കൗൺസലിംഗ് നടത്തുകയും കർശന നടപടി സ്വീകരിക്കുകയും ചെയ്യും.

ജിജു ടി. കോര, മാനേജർ

എം.ജി.എം ഹയർസെക്കൻഡറി സ്കൂൾ

ബസ് സ്റ്റാൻഡിന് സമീപത്തുള്ള ആലിൻചുവട്ടിലും പൈനാടത്ത് റോഡിലുമാണ് സാമൂഹ്യവിരുദ്ധശല്യം. നാട്ടുകാരുടെ നേതൃത്വത്തിൽ സ്കാഡ് രൂപീകരിക്കുകയും പൊലീസിനെ വിവരങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്. രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ ഇവിടെ തമ്പടിക്കുന്നത് തടയുന്നതിനായി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്.

ഫെബിൻ കുര്യാക്കോസ്, രായമംഗലം

പഞ്ചായത്ത് നാലാംവാർഡ് മെമ്പർ