art
കലാപൂരത്തിന് ഇന്ന് കൊടിയിറങ്ങും

പറവൂർ: നാല് ദിവസം നീണ്ടുനിന്ന കൗമാര കലാപൂരം ഇന്ന് കൊടിയിറങ്ങും. കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകാരുമെല്ലാം ആഘോഷമാക്കിയ രാപ്പകലുകളാണ് കടന്നു പോയത്. അപ്പീലോടെയെത്തിയവരുൾപ്പെടെ മത്സരാർത്ഥികളുടെ സജീവ പങ്കാളിത്തംകൊണ്ടും മേള ശ്രദ്ധേയമായി. പിന്നിട്ട നാല് ദിനങ്ങളിലും നാട്ടുകാരുുടെ സജീവ പങ്കാളിത്തമാണ് മത്സരവേദികളിൽ ഉണ്ടായിരുന്നത്. 15 വേദികളിലായിരുന്നു മത്സരങ്ങൾ. 300 ഇനങ്ങളിലായി 8,000ത്തി​ലേറെ കലാപ്രതിഭകളാണ് മാറ്റുരച്ചത്. വിവിധ സ്‌കൂളുകളിൽ നിന്നുള്ള എസ്‌കോർട്ടിംഗ് അദ്ധ്യാപകരുൾപ്പെടെ 11,114 പേരാണ് ഔദ്യാഗികമായി പങ്കെടുത്തത്. ആദ്യ ദിനങ്ങളിൽ രചനാമത്സരങ്ങളും സംസ്‌കൃതം, തമിഴ്, കന്നഡ പ്രസംഗ മത്സരങ്ങളും മോണോ ആക്ട്, നാടൻപാട്ട് എന്നീ മത്സരയിനങ്ങളുമാണ് അരങ്ങേറിയത്. ചൊവ്വാഴ്ച മുതൽ മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം തുടങ്ങിയ നൃത്തഇനങ്ങൾ ആരംഭിച്ചതോടെ വേദിയും അരങ്ങും ഉണർന്നു. അവസാന ദിവസമായ ഇന്ന് മാർഗം കളി, സംഘനൃത്തം, ഓട്ടൻ തുള്ളൽ, ചവിട്ട് നാടകം, വൃന്ദവാദ്യം, സംസ്‌കൃതനാടകം പരിചയമുട്ടുകളിയടക്കമുള്ളവ അരങ്ങിലെത്തും.