1

തോപ്പുംപടി: രാമേശ്വരം കോളനിയിൽ പുളിക്കൽ വീട്ടിൽ പരേതനായ റോക്കിയുടെ ഭാര്യ കർമിലി (76) കൊല്ലപ്പെട്ട സംഭവത്തിൽ കൊച്ചുമകളുടെ ഭർത്താവ് ബിജു എന്ന് വിളിക്കുന്ന ആന്റണി (39)യെ തോപ്പുംപടി പൊലീസ് അറസ്റ്റ് ചെയ്തു. കർമിലിയും കൊച്ചു മകൾ ഗ്രീഷ്മയും ആന്റണിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ കർമിലിയും ആന്റണിയും തമ്മിൽ കുടുംബ കാര്യങ്ങളെ ചൊല്ലി തർക്കമുണ്ടായി. ആന്റണി തള്ളിയിട്ടതിനെ തുടർന്ന് കർമിലിക്ക് തലയ്ക്ക് പരിക്കേറ്റു. ഈ സംഭവം പുറത്ത് പറയുമെന്ന് കർമിലി പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാൻ കർമിലിയെ ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് ആന്റണിയുടെ മൊഴി. ഗ്രീഷ്മയെ കേസിൽ പ്രതി ചേർത്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവം ദിവസം വൈകിട്ടായിട്ടും കർമിലിയെ കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയും പൊലീസ് നടത്തിയ പരിശോധനയിൽ കർമിലിയെ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. തോപ്പുംപടി പൊലീസ് ഇൻസ്പെക്ടർ എ. ഫിറോസിന്റെ നേതൃത്വത്തിൽ പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി.