പറവൂർ: വൈറൽ വീഡിയോകളിലൂടെ ശ്രദ്ധേയയായ ഒരു കൊച്ചുമിടുക്കിയായിരുന്നു ഇന്നലെ യു.പി വിഭാഗം കുച്ചിപ്പുടി വേദിയിലെ താരം. മത്സരം കാണാനെത്തിയവരും മത്സരിക്കാനെത്തിയവരുമെല്ലാം ഈ കൊച്ചുതാരത്തിനു ചുറ്റുമായിരുന്നു. ഗോഡ്ഫാദർ നായിക കനക, വാത്സല്യം നായിക സുനിത എന്നീ നടിമാരുടെ കഥാപാത്രങ്ങളുടെ അഭിനയവും അംഗവിക്ഷേപങ്ങളും അതേപടി പകർത്തിയ ബി.എസ്. സിയോണയായിരുന്നു അത്. കിഴക്കമ്പലം കുമ്മനോട് ജി.യു.പി.എസിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ സിയോണയ്ക്ക് മത്സരഫലം വന്നപ്പോൾ എ ഗ്രേഡോടെ മൂന്നാം സ്ഥാനം. നേരത്തെ, ഭരതനാട്യത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു.
പ്രശസ്ത നടിയും നർത്തകിയുമായ ആശാ ശരത്തിന്റെ അമ്മ കലാമണ്ഡലം സുമതിയുടെ അടുത്താണ് സിയോണ നൃത്തം അഭ്യസിച്ചത്. ആർ.എൽ.വി ദീപേഷാണ് ഇപ്പോൾ പരിശീലകൻ. ആന്റണി വർഗീസ് (പെപ്പെ) നായകനാകുന്ന 'ലൈല' എന്ന റിലീസാകാനിരിക്കുന്ന ചിത്രത്തിൽ സിയോണ അഭിനയിക്കുകയും ചെയ്തു സിയോണ. ഏഷ്യൻ പെയിന്റ്സിന്റെ പരസ്യത്തിൽ സൈജു കുറുപ്പിനൊപ്പം അഭിനയിച്ചു.
വർഷങ്ങളായി കിഴക്കമ്പലത്തു താമസിക്കുന്ന കോഴിക്കോട് ബാലുശ്ശേരി താനത്തിൽതാഴെ ഷാജി പുനത്തിലിന്റെയും ഫാൻസി സ്റ്റോർ ജീവനക്കാരി ബീനയുടെയും മകളാണ്. ലോജിസ്റ്റിക്‌സ് വിദ്യാർത്ഥി സോനു സഹോദരനാണ്.