പെരുമ്പാവൂർ: ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കൂവപ്പടി, വേങ്ങൂർ ഗ്രാമപഞ്ചായത്തുകളുടെ വടക്കൻ അതിർത്തിയിലുള്ള പെരിയാറിന്റെ തീരത്തോട് ചേർന്നുകിടക്കുന്ന തേക്ക് പ്ലാന്റേഷനിൽ എത്തിയ കാട്ടാനക്കൂട്ടം തിരികെ മറുകരയിലെ വനങ്ങളിലേക്ക് മടങ്ങിപ്പോകാത്തതിനാൽ പ്രദേശവാസികൾ പരിഭ്രാന്തിയിലാണ്.
അഭയാരണ്യം പദ്ധതി പ്രദേശത്തിന്റെ കിഴക്കൻ അതിർത്തിയിൽ പാണംകുഴി, താളിപ്പാറ, കപ്രിക്കാട് പ്രദേശങ്ങളിൽ തമ്പടിച്ചിരിക്കുന്ന കാട്ടാനകളെ തുരത്തി ഓടിക്കുന്നതിനായി വനംവകുപ്പ് യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ദിവസങ്ങളിലെല്ലാം നിരവധി കൃഷിയിടങ്ങളിൽ ആന ഇറങ്ങി വാഴ, തെങ്ങ്, കമുക്, കപ്പ തുടങ്ങിയവ നശിപ്പിച്ചു.
നാലു കിലോമീറ്റർ നീളവും 300 മീറ്ററോളം വീതിയുമുള്ള ഈ ചെറിയ തേക്കുപ്ലാന്റേഷനിൽ സ്ഥിരമായി നിൽക്കാൻ ആനകൾക്കാവില്ല. ഇവ വ്യാപകമായ നാശം വരുത്തുന്നതിന് മുന്നേ ഇവയെ തുരത്തി ഓടിക്കാൻ കുങ്കിയാനയുടെ സഹായം തേടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പാണംകുഴിയിൽ കഴിഞ്ഞദിവസം ആന ഇറങ്ങി ഡോ. അനിൽ വർഗീസിന്റെ കൃഷിയിടത്തിലെ അഞ്ഞങ്ങറോളംകട കപ്പ നശിപ്പിച്ചു. നേരത്തെ 35തെങ്ങിൻതൈകളും നിരവധി വാഴയും നശിപ്പിച്ചിരുന്നു. കൃഷിയിടത്തിനുചുറ്റും സ്ഥാപിച്ചിരുന്ന ഹാംഗിഗ് ഫെൻസിംഗും ആന നശിപ്പിച്ചു.