ആലുവ: ചൂർണിക്കര പഞ്ചായത്തിലെ പൈപ്പ് ലൈൻ റോഡ് നവീകരണത്തിനുള്ള തന്റെ ഫണ്ട് പിൻവലിക്കുമെന്ന് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും നെടുമ്പാശേരി ഡിവിഷൻ അംഗവുമായ എം.ജെ. ജോമി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ചൂർണിക്കര ഉൾപ്പെടുന്ന എടത്തല ഡിവിഷൻ അംഗം റൈജ അമീർ പദ്ധതിക്കെതിരെ നിലപാടെടുത്തതിനാലാണിത്.
കാലങ്ങളായി തകർന്ന് കിടക്കുന്ന പൈപ്പ് ലൈൻ റോഡ് നന്നാക്കാൻ വാട്ടർ അതോറിറ്റിയോട് ചൂർണിക്കര പഞ്ചായത്ത് ഭരണസമിതി പലതവണ ആവശ്യപ്പെട്ടെങ്കിലും ഫണ്ടില്ലെന്ന പേരിൽ അവർ ഒഴിഞ്ഞുമാറുകയായിരുന്നു. ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷൻ അംഗത്തോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ല. തുടർന്ന് അൻവർ സാദത്ത് എം.എൽ.എയോട് ആവശ്യപ്പെട്ടെങ്കിലും എം.എൽ.എ ഫണ്ട് വെട്ടിക്കുറച്ചതിനാൽ അനുവദിക്കാനായില്ല. തുടർന്നാണ് താൻ തന്റെ ഡിവിഷനിലേക്കുള്ള ഫണ്ട് യാത്രക്കാരുടെ ദുരിതം ഒഴിവാക്കാനായി പൈപ്പ് ലൈൻ റോഡിന് അനുവദിച്ചത്. ഇത് എടത്തല ഡിവിഷൻ അംഗത്തിന് നാണക്കേടായതിനെ തുടർന്നാണ് അവർ അടിസ്ഥാനരഹിത ആരോപണങ്ങളുമായി രംഗത്തുവന്നതെന്ന് ജോമി ആരോപിക്കുന്നു. പൈപ്പ് ലൈൻ റോഡിന് എടത്തല ഡിവിഷൻ അംഗം ഫണ്ട് അനുവദിപ്പിച്ചിട്ടുണ്ടെന്നാണ് അവർ പറയുന്നത്. എങ്കിൽ അവർ തന്നെ മാർച്ചിന് മുമ്പായി റോഡ് പണി നടത്തിക്കോട്ടെയെന്നും തന്റെ ഫണ്ട് സ്വന്തം ഡിവിഷനിലെ പദ്ധതികൾക്കായി മാറ്റുകയാണെന്നും ജോമി പറഞ്ഞു.