
മട്ടാഞ്ചേരി: തോപ്പുംപടി രാമേശ്വരം കോളനിയിൽ പുളിക്കൽ വീട്ടിൽ പരേതനായ റോക്കിയുടെ ഭാര്യ കർമിലി (76)യെ ചൊവ്വാഴ്ച വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കർമിലിയുടെ കൊച്ചു മകൾ ഗ്രീഷ്മ(27)യും അറസ്റ്റിൽ. പൊലീസ് നേരത്തേ ഗ്രീഷ്മയുടെ ഭർത്താവ് ബിജു എന്ന് വിളിക്കുന്ന ആന്റണിയെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിൽ സഹായിച്ചെന്നാണ് ഗ്രീഷ്മയ്ക്കെതിരായ കേസ്.
കർമിലിയും ഗ്രീഷ്മയും ആന്റണിയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ കർമിലിയും ആന്റണിയും തമ്മിൽ കുടുംബ കാര്യങ്ങളെ ചൊല്ലി തർക്കമുണ്ടായി. ആന്റണി തള്ളിയിട്ടതിനെ തുടർന്ന് കർമിലിക്ക് തലയ്ക്ക് പരിക്കേറ്റു. ഈ സംഭവം പുറത്ത് പറയുമെന്ന് കർമിലി പറഞ്ഞു. സംഭവം പുറത്തറിയാതിരിക്കാൻ കർമിലിയെ ഇടിച്ചും ചവിട്ടിയും കൊലപ്പെടുത്തിയെന്നാണ് ആന്റണിയുടെ മൊഴി. ഇതിനെല്ലാം ഗ്രീഷ്മയുടെ സഹായവും ലഭിച്ചെന്ന് പൊലീസ് പറഞ്ഞു. സംഭവം ദിവസം വൈകുന്നേരവും കർമിലിയെ പുറത്തു കാണാത്തതിനെ തുടർന്ന് പ്രദേശവാസികൾ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ജഡം കണ്ടത്. ആന്റണി രക്തം കഴുകി കളയുകയും കർമിലിയെ കുളിപ്പിച്ച് കിടത്തുകയും ചെയ്തിരുന്നു.
ആന്റണിയെ പൊലീസ് ഇന്നലെ വീട്ടിലും കർമിലിയുടെ വസ്ത്രങ്ങൾ ഉപേക്ഷിച്ച കടൽ തീരത്തും എത്തിച്ച് തെളിവെടുപ്പ് നടത്തി. കൊല നടക്കുമ്പോൾ കർമിലി ധരിച്ചിരുന്ന വസ്ത്രങ്ങളാണ് കടൽ തീരത്ത് കവറിൽ ഉപേക്ഷിച്ചത്. ഇത് പൊലീസ് കണ്ടെത്തി. ആന്റണി - ഗ്രീഷ്മ ദമ്പതികൾക്ക് അഞ്ച് മാസം പ്രായമായ കുഞ്ഞുണ്ട്. തോപ്പുംപടി പൊലിസ് ഇൻസ്പെക്ടർ എ ഫിറോസ്, എസ്.ഐ സെബാസ്റ്റ്യൻ.പി ചാക്കോ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.